കണ്ണൂര്‍: ബഡ്സ് ആക്ട് പ്രകാരമുള്ള നിയമ നടപടികള്‍ നേരിടുന്ന തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ചിന് വീണ്ടും ഹൈക്കോടതിയില്‍നിന്നു തിരിച്ചടി. ഹൈറിച്ചിനെതിരേയുള്ള ഹൈക്കോടതി ഉത്തരവിലെ പ്രധാന നിബന്ധനകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരിച്ചടിയുണ്ടായത്.
കഴിഞ്ഞ 22ന് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിക്കെതിരേയും ഡയറക്ടര്‍മാരായ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീനാ പ്രതാപന് എന്നിവര്‍ക്കെതിരേയും ഹൈക്കോടതി വിധി പ്രസ്ഥാവിച്ചിരുന്നു. ബഡ്സ് ആക്ട് പ്രകാരം മരവിപ്പിച്ച അക്കൗണ്ടുകളില്‍നിന്ന് പത്ത് ദിവസത്തേക്ക് മാത്രമായി ഡയറക്ടര്‍മാരുടെ നിത്യനിദാന ചെലവുകള്‍ക്കുള്ള പണം പിന്‍വലിക്കാമെന്നും കമ്പനിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി അക്കൗണ്ടുകള്‍ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ടായിരുന്നു. ഈ നിബന്ധനകള്‍ നീക്കണമെന്ന ആവശ്യവുമായി അവധിക്കാല ബഞ്ചില്‍ നല്കിയ ഹര്‍ജിയിലാണ് തിരിച്ചടിയുണ്ടായത്. ഹൈക്കോടതിയുടെ വിധിയില്‍ പറഞ്ഞതുപോലെ മാത്രമേ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന 29ന് പുറപ്പെടുവിച്ച വിധിയാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
എന്നാല്‍ ആദ്യത്തെ കോടതിവിധി തങ്ങള്‍ക്കനുകൂലമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണ് കമ്പനിയുടെ വക്താക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ആരും ഭയപ്പെടേണ്ടതില്ല നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഉടന്‍ പണമെത്തുമെന്നുള്ള പ്രചരണം നടത്തിയവര്‍ നിക്ഷേപകരുടെ വാലറ്റുകളിലേക്ക് പണമയയ്ക്കുന്നതിന്റെ കണക്കുകള്‍ നല്കി നിക്ഷേപകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. വാലറ്റില്‍ 500 രൂപയായാല്‍ അത് വ്യക്തികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് മറച്ചുവച്ച് വാലറ്റിലെ പരിധി പടിപടിയായി വർധിപ്പിച്ച് ഇപ്പോള്‍ 50,000 ആക്കി ഉയര്‍ത്തിയിരിക്കുകയാണ്.
കമ്പനിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലൂടെ പണമിടപാടുകള്‍ നിലച്ചതായുള്ള വിവരം മറച്ചുവയ്ക്കുന്നതിന്റെ ഭാഗമായാണ് വാലറ്റ് പരിധികള്‍ ഉയര്‍ത്തുന്നത്. വാലറ്റ് പരിധി വര്‍ധിപ്പിക്കുന്നതിലൂടെ തത്കാലം നിക്ഷേപകരില്‍നിന്ന് രക്ഷപ്പെടാമെന്നതാണ് ഇവരുടെ തന്ത്രം.
കേരളത്തില്‍ ബഡ്സ് ആക്ട് പ്രകാരം പൂട്ടിപ്പോയ കമ്പനികളുടെ ഗണത്തിലേക്ക് ഹൈറിച്ചുമെത്തുകയാണെന്നും അധികലാഭ വാഗ്ദാനത്തില്‍ കണ്ണുമഞ്ഞളിച്ച് ഒരുരേഖയുമില്ലാതെ പണം നിക്ഷേപിച്ചവര്‍ വിഡ്ഢികളാകാന്‍ അധിക ദിവസമില്ലെന്നുമാണ് ബഡ്സ് ആക്ട് വിശകലനം ചെയ്യുന്ന നിയമ വിദഗ്ധര്‍ പറയുന്നത്.