കൊച്ചി: സ്വന്തം കുടുംബത്തില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലാത്ത ഈ കാലത്ത് കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് അമ്മമാരെ ബോധവത്കരിക്കുന്നതിനായി കുടുംബശ്രീയുമായി കൈകോര്‍ത്ത് ബാലാവകാശ കമ്മീഷന്.
ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി സുരക്ഷിത ബാല്യം, സുന്ദര ഭവനം എന്ന മുദ്രാവാക്യമാണ് ബാലാവകാശ കമ്മീഷന് മുന്നോട്ടുവയ്ക്കുന്നത്.
ഇതിന്റെ ആദ്യപടിയായി ഈ മാസം 18,19 തീയതികളില്‍ സംസ്ഥാനത്തെ ഓരോ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 അംഗം വീതമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരത്ത് പ്രത്യേക പരിശീലനം നല്‍കും. ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ അതാത് ജില്ലകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.
ഇതുവഴി കുട്ടികള്‍ക്കു നേരെയുളള അതിക്രമങ്ങളെയും അവരുടെ അവകാശങ്ങളെയും കുറിച്ച് അമ്മമാരെ ബോധവാന്മാരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സുരക്ഷിത ബാല്യം സുന്ദര കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവടുവയ്പാണ് ഇതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് കെ.വി. മനോജ്കുമാര്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ഇന്ന് സ്വന്തം കുടുംബത്തില്‍നിന്നു പോലും പീഡനങ്ങളും ലൈംഗിക ചൂഷണങ്ങളും നേരിടേണ്ടിവരുന്നതു സംബന്ധിച്ച നിരവധി പരാതികള്‍ ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ എത്തുന്നുണ്ട്. ആണ്‍കുട്ടികളും സുരക്ഷിതരല്ല.
മൊബൈല്‍ ഫോണിന്റെ അതിപ്രസരം മൂലം കുട്ടികളും മുതിര്‍ന്നവരും തങ്ങളിലേക്കു തന്നെ ചുരുങ്ങി. അതിനാല്‍ കുടുംബത്തിനുള്ളില്‍ മനസു തുറന്നു സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ലഹരിക്കും അടിമപ്പെടുന്ന അവസ്ഥയാണുള്ളത്.
2022 മുതല്‍ 2023 മാര്‍ച്ച് ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ 2537 പരാതികളാണ് ലഭിച്ചത്. ഇതില്‍ 111 എണ്ണം പോക്സോ പരാതികളാണ്. കമ്മീഷനില്‍ ലഭിക്കുന്ന പരാതികള്‍ 70 ശതമാനവും ബാലാവകാശ ലംഘനം സംബന്ധിച്ചുളളതാണ്.
ഇതില്‍ 1011 പരാതികള്‍ കമ്മീഷന് തീര്‍പ്പാക്കി. ബാലാവകാശ ലംഘനം സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് 165 എണ്ണം. 149 പരാതികളുമായി കോഴിക്കാട് രണ്ടാം സ്ഥാനത്തും 129 പരാതികളുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്.
കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 4852 പോക്സോ കേസുകളില്‍ പ്രതികളായ 601 പേര് ഇരയുടെ അയല്‍ക്കാരും 462 പേര് കുടുംബാംഗങ്ങളും 389 പേര് ബന്ധുക്കളുമാണ്.
1004 കേസുകളില്‍ കുറ്റകൃത്യം നടന്നത് കുട്ടികളുടെ വീടുകളില്‍ തന്നെയായിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച സാമൂഹ്യവത്കരണം കുടുംബശ്രീയിലൂടെ വീടുകളില്‍ എത്തിക്കാന്‍ കമ്മീഷന് തീരുമാനിച്ചത്. ആറു വയസുവരെയുള്ള കുട്ടി സ്വന്തം കുടുംബത്തില്‍ നിന്നാണ് ബാലപാഠങ്ങള്‍ പഠിക്കേണ്ടതെന്നതും ശ്രദ്ധേയമാണ്.
അതോടൊപ്പം തന്നെ സംസ്ഥാനത്തെ ഒരു ലക്ഷം എസ്പിസി കേഡറ്റുകള്‍ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ബ്രാന്‍ഡ് അംബാസിഡര്‍മാരാകും. ഈ മാസം അഞ്ചു മുതല്‍ 15 വരെ ഇതിനുള്ള ട്രെയിനിംഗ് നടക്കും. കുട്ടികള്‍ക്ക് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബാലാവകാശ സന്ദേശം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സീമ മോഹന്‍ലാല്‍