തമിഴ്നാട്ടിൽ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് നടൻ വിജയ് സഹായവിതരണവുമായെത്തിയത് വലിയ വാർത്തയായിരുന്നു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലക്കാർക്കാണ് വിജയ് നേരിട്ടെത്തി ആവശ്യസാധനങ്ങൾ വിതരണം ചെയ്തത്.
എന്നാൽ ഈ പരിപാടിക്കിടെ നടന്ന രസകരമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കിറ്റ് വാങ്ങാനായി അമ്മയും മക്കളും ഉൾപ്പെടുന്ന ഒരു കുടുംബം വിജയ്ക്കരികിൽ എത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
കുടുംബം വേദിയിലെത്തിയതോടെ വിജയ് സാധനങ്ങൾ അവർക്ക് നൽകാനായി കൈയിലെടുക്കുന്നുണ്ട്. എന്നാൽ കൈയിലെ മൊബൈൽ ഫോൺ എടുത്ത് അവർ വിജയ്യോട് ഒരു സെൽഫി ചോദിക്കുകയാണ്. തുടർന്ന് സാധനങ്ങൾ താഴെ വച്ച് ആരാധകരുടെ ആഗ്രഹം നിറവേറ്റാൻ താരം തയാറായി.
തുടർന്ന് വിജയ് കുടുംബത്തോടൊപ്പം സെൽഫി എടുക്കുകയാണ്. ഇതിനിടയിൽ ഇളയകുട്ടിയെ അമ്മ ഫോട്ടോയ്ക്കുവേണ്ടി പൊക്കി ഉയർത്തുന്നതുമുണ്ട്. എന്നാൽ സെൽഫി എടുത്ത ഉടൻ തന്നെ കുടുംബം സാധനങ്ങൾ വാങ്ങാതെ വേദി വിട്ട് ഇറങ്ങുകയാണ് ചെയ്തത്. ഈ സമയം വിജയ് അത്ഭുതത്തോടെ കുടുംബത്തെ നോക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
കഴിഞ്ഞ ദിവസവും ഇതേ വേദിയിൽ നിന്ന് ഒരു പെൺകുട്ടി സെൽഫി എടുത്ത് കിറ്റ് വാങ്ങാതെ പോകുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ കുട്ടിയോടും വിജയ് കിറ്റ് വേണ്ടെ എന്നും ചോദിക്കുന്നുണ്ട്.