തിരുവനന്തപുരം: വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങിയെത്തും. ഇന്നും ഗവർണർക്കെതിരേ എസ്എഫ്ഐ പ്രതിഷേധം നടത്താൻ സാധ്യതയുണ്ട്. സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ തവണയും റൂട്ട് മാറ്റിയാണ് ഗവർണറുടെ യാത്ര. ഇന്നലെ കണ്ണൂർ പയ്യാന്പലം ബീച്ചിൽ എസ്എഫ്ഐ പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചു.
അതേസമയം വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാൽ താൻ പുറത്ത് ഇറങ്ങുമെന്ന നിലപാട് ഗവർണർ കഴിഞ്ഞ ദിവസവും ആവർത്തിച്ചു. കൂടാതെ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ എൽഡിഎഫ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ്. ഈ മാസം 9ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. സെപ്റ്റംബർ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബിൽ പാസാക്കിയത്.