ന്യൂഡൽഹി: ഈ വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്തു നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം നീക്കം ഊർജിതമാക്കിയതായി റിപ്പോർട്ട്. പെട്രോൾ ഡീസലിൽ വിലയിൽ ഏകദേശം 10 രൂപയോളം കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിൽനിന്ന് ഉടൻ വരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലാണ്.
ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു. നിലവിൽ, ആഗോള ക്രൂഡ് വില കുത്തനെ ഇടിയുകയാണ്. ഇതും ആഭ്യന്തര ഇന്ത്യൻ വിപണിയിൽ വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു.
ഇന്ധനവില കുറച്ച് യുഎഇ
അബുദാബി: പുതുവർഷ സമ്മാനമായി പെട്രോൾ ഡീസൽ വിലകൾ കുറച്ച് യുഎഇ സർക്കാർ. പെട്രോൾ ലിറ്ററിന് 14 ഫിൽസും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്ന് 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയ നിരക്ക്.
ഇപ്ലസ് പെട്രോൾ ലിറ്ററിന് 2.64 ദിർഹവും ഡീസലിന് 3 ദിർഹവുമാണ് പുതിയ നിരക്ക്. ജനുവരി മാസത്തിലേക്കുള്ള ഇന്ധന വിലയിലാണ് കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായി രണ്ടാം മാസമാണ് ആഭ്യന്തരവിപണിയിൽ യുഎഇ ഇന്ധന വില കുറയ്ക്കുന്നത്.