ആലപ്പുഴ: കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെ ഒന്‍പത് വയസുകാരനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കും.
പടക്കം പൊട്ടിച്ചും മറ്റുമുള്ള ആഘോഷങ്ങള്‍ കാണാൻ പിതാവിനൊപ്പം എത്തിയ കുട്ടിയെ മഫ്തിയിലുണ്ടായിരുന്ന പോലീസ് ലാത്തികൊണ്ട് മര്‍ദിച്ചെന്നാണ് ആരോപണം.
എന്നാല്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം. ആഘോഷങ്ങള്‍ പരിധി വിട്ടപ്പോള്‍ യുവാക്കളെ ലാത്തി വീശി ഓടിക്കുക മാത്രമാണ് ചെയ്തത്.
ഗതാഗത തടസം ഉണ്ടാക്കി ആഘോഷം നടത്തിയ യുവാക്കള്‍ക്കെതിരെയാണ് ലാത്തി വീശിയത്. ഇവിടെ മഫ്തിയില്‍ പോലീസ് ഉണ്ടായിരുന്നില്ലെന്നുമാണ് കായംകുളം പോലീസിന്റെ വിശദീകരണം.
പരാതി ഉയര്‍ന്നതിന് പിന്നാലെ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തിരുന്നു. പുറത്ത് അടിയേറ്റ കുട്ടി കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.