അമ്പലപ്പുഴ: സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുൻമന്ത്രി ജി. സുധാകരനെ ഒഴിവാക്കി. പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽനിന്നാണ് ജി. സുധാകരനെ ഒഴിവാക്കിയത്.
ആർ. മുരളീധരൻ നായർ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫീസാണിത്.
ജി. സുധാകരനെ അമ്പലപ്പുഴ ഏരിയ കമ്മിറ്റി പരിധിയിലെ പല പാർട്ടി പരിപാടികളിലും ക്ഷണിക്കാറില്ല. അമ്പലപ്പുഴ മണ്ഡലംതല നവ കേരള സദസിൽ ജില്ലയിലെ ഇടതുമുന്നണിയിലെ മിക്ക പ്രമുഖ നേതാക്കളും എത്തിയിരുന്നു.
എന്നാൽ, ഈ പരിപാടിയിൽ ജി. സുധാകരന്റെ അസാന്നിധ്യം ചർച്ചയായിരുന്നു.വീടിനടുത്ത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളെത്തിയിട്ടും സുധാകരൻ എത്തിയിരുന്നില്ല.
നവകേരള സദസുമായി ബന്ധപ്പെട്ട് അക്രമങ്ങൾ ഉണ്ടായതിനു പിന്നാലെ ജി. സുധാകരൻ നടത്തിയ പരോക്ഷ വിമർശനം സംസ്ഥാനത്ത് പൊതുവേ ചർച്ച ചെയ്യപ്പെട്ടിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലും ജി. സുധാകരൻ പാർട്ടിക്കെതിരേ പരസ്യമായി വിമർശനം നടത്തിയിരുന്നു.