ടോക്കിയോ: പുതുവത്സരദിനത്തിൽ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ മരണം 24 ആയി. 185 പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
ഹോൻഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം കടലിൽ ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നുശേഷമാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 155 തുടർചലനങ്ങളുമുണ്ടായെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഇന്നു പുലർച്ചെയും ഭൂചലനം ഉണ്ടായി.
ജപ്പാനും ഉത്തര, ദക്ഷിണ കൊറിയകളും റഷ്യയും ജനങ്ങൾക്കു സുനാമി മുന്നറിയിപ്പു നൽകി. അഞ്ചു മീറ്റർ വരെ രാക്ഷസത്തിരകൾ ഉയരുമെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ഒരു മീറ്റർ ഉയരത്തിൽ തിരകൾ ഉയർന്നുപൊങ്ങി. അനേകം കെട്ടിടങ്ങളും വീടുകളും തകർന്നു. തുറമുഖങ്ങളിലുണ്ടായിരുന്ന ബോട്ടുകൾ മുങ്ങി.
വാജിമ പട്ടണത്തിൽ തീപിടിത്തമുണ്ടായി. പതിനായിരക്കണക്കിനു വീടുകളിൽ വൈദ്യുതി മുടങ്ങി. ഭൂകന്പമേഖലയിൽ കൊടുംതണുപ്പിൽ ആളുകൾ കടുത്ത ദുരിതത്തിലാണ്. പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. പലരെയും സൈനിക താവളങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്.