ഡാര്‍വിന്റെ പരിണാമത്തിലൂടെ സിനിമയിലെത്തുമ്പോള്‍ ഹന്ന ഡെന്റിസ്റ്റും മോഡലുമായിരുന്നു. രക്ഷാധികാരി ബൈജുവില്‍ ബിജുമേനോന്റെ നായികയായി ആദ്യ ഹിറ്റ്. മുരളിഗോപി-രതീഷ് അമ്പാട്ട് സിനിമ തീര്‍പ്പ്, ജീത്തുജോസഫിന്റെ കൂമന്, പ്രിയദര്ശന് ചിത്രം കൊറോണ പേപ്പഴ്സ്, എ രഞ്ജിത്ത് സിനിമ എന്നിവയിൽ ഹന്നയ്ക്കു വേറിട്ട വേഷങ്ങള്‍. ഡിഎന്‍എയും ഒരു റൊണാള്‍ഡോ ചിത്രവുമാണ് അടുത്ത റിലീസുകള്‍. സിനിമയോട് ഇഷ്ടംകൂടിയ കഥ, ഹന്ന രാഷ്ട്രപികയോടു പറയുന്നു.
തീര്‍പ്പിലെ പ്രഭ
തുടക്കകാലത്തു വര്‍ഷം രണ്ടോ മൂന്നോ ഓഫറുകൾ. പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലാത്ത സിനിമകള്‍ ഒഴിവാക്കി. മെഴുതിരി അത്താഴങ്ങളിലെ താരയ്ക്കു സ്ക്രീന്‍ സ്പേസ് കുറവായിരുന്നു. എങ്കിലും കഥയോടുള്ള ഇഷ്ടത്തിൽ ആ സിനിമയുടെ ഭാഗമായി. തീര്‍പ്പില്‍ പൃഥ്വിരാജ്, വിജയ്ബാബു, സൈജു കുറുപ്പ്, ഇന്ദ്രജിത്ത്, ഇഷ തല്‍വാര്‍ എന്നിവര്‍ക്കൊപ്പം ആദ്യമായി സ്ക്രീനില്‍. അതിൽ, ഭര്‍ത്താവിനെ പറ്റിച്ചും പണമുണ്ടാക്കണമെന്നു ചിന്തിക്കുന്ന ബിസിനസ് വുമൺ പ്രഭ. മേക്കോവറുള്ള കഥാപാത്രം.
കൊറോണ പേപ്പേഴ്സ്
ഓഡിഷനിലൂടെയാണ് കൂമനിലെത്തിയത്. അതിലെ ലക്ഷ്മിയാകാന്‍ ഞാന്‍ കംഫര്‍ട്ടബിളാണോ, ഫൈറ്റ് സീക്വന്‍സിനു ഫിസിക്കലി ഫിറ്റാണോ എന്നൊക്കെയറിയാനും പിന്നെ, സ്ക്രീന്‍ ടെസ്റ്റിനുമായിരുന്നു ഓഡിഷന്. കഥാപാത്രമാകാന്‍ വര്‍ക്കൗട്ട് ചെയ്തു. തീര്‍പ്പിനും കൂമനും ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്.
കൂമനു ശേഷമാണ് കൂടുതല്‍ ഓഫറുകള്‍ വരുന്നത്. തുടര്‍ന്നു കൊറോണ പേപ്പേഴ്സ്. വഴികാട്ടിയായ, സപ്പോര്‍ട്ടീവായ, ഏറെ കാര്യങ്ങള്‍ പറഞ്ഞു തരുന്ന, ഫ്രണ്ട്ലിയായ, നമുക്കു ബഹുമാനവും ഇഷ്ടവും തോന്നുന്ന ഡയറക്ടറാണ് പ്രിയദര്ശന്.
എന്റെ പ്രായമുള്ള വേഷങ്ങള്‍
തീര്‍പ്പിലും കൂമനിലും കൊറോണ പേപ്പേഴ്സിലും വ്യത്യസ്തതയുള്ള വേഷങ്ങള്‍ രസകരമായി ചെയ്തുവെന്നായിരുന്നു ഫീഡ്ബാക്ക്. ഞാന്‍ അങ്ങനെ ചെയ്തുവെങ്കില്‍ അതു സംവിധായകരുടെ കഴിവാണ്. പക്ഷേ, പല സീനുകളിലും എനിക്കു കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നു പിന്നീടു തോന്നി.
ഓരോ സിനിമയിലും ഓരോതരം ലുക്കുകള്‍ കിട്ടുന്നുണ്ട്. ഏറെ പക്വതയുള്ള കഥാപാത്രമാണ് രക്ഷാധികാരിയിലെ അജിത. കൂമനിലെ ലുക്ക് ഏറെ വ്യത്യസ്തം. രഞ്ജിത് സിനിമയിലും ഡിഎന്‍എയിലും വേറിട്ട ഗെറ്റപ്പുകളാണ്. ഇപ്പോഴാണ് ഞാന്‍ എന്റെ പ്രായമുള്ള വേഷങ്ങള്‍ ചെയ്യുന്നത്.
സിനിമ പഠിക്കുകയാണ്
മുരളിഗോപി, ജീത്തു ജോസഫ്, പ്രിയദര്ശന് സിനിമകൾ…എനിക്കു ഫ്രീ ക്രാഷ് കോഴ്സുകളായി. സിനിമയെക്കുറിച്ചും സ്ക്രിപ്റ്റ് എഴുത്തിനെപ്പറ്റിയുമുള്ള ധാരാളം വര്‍ത്തമാനങ്ങള്‍ക്ക് അവസരമുണ്ടായി.
ഭാവിയില്‍ ഡയറക്ടറായോ സ്ക്രിപ്റ്റ് റൈറ്ററായോ കാമറയ്ക്കു പിന്നില്‍ വരണമെന്ന് ആഗ്രഹമുണ്ട്. സെറ്റിലെ ഒഴിവു സമയത്തൊക്കെ ഇവരുടെ അടുത്തുപോയി സംശയങ്ങള്‍ ചോദിച്ചിരുന്നു. കാമറാമാനെപ്പോലും വെറുതേ വിടില്ല! ഏതു ലെന്‍സാണ്, എന്തു ടെക്നിക്കാണ് എന്നൊക്കെ ചോദിച്ചറിയും.
എ രഞ്ജിത്ത് സിനിമ
റൊമാന്സും ത്രില്ലറും ആക്ഷനും സൈക്കോട്ടിക് ഘടകങ്ങളും കോമഡിയും ചേര്‍ത്താണ് നിശാന്ത് സാത്തു എ രഞ്ജിത് സിനിമ ഒരുക്കിയത്. കോവിഡും മറ്റുമായി ഒന്നര വര്‍ഷം ഷൂട്ടിംഗ് നീണ്ടു. ആര്‍ട്ടിലോ കോസ്റ്റ്യൂമിലോ കുറവുകള്‍ വന്നാല്‍ പോലും നേരിട്ടിറങ്ങി ആ വര്‍ക്ക് ചെയ്യുന്ന നിശാന്തിനെയാണ് സെറ്റില്‍ കണ്ടത്.
ഇതില്‍ മൂന്നു ഹീറോസും മൂന്നു ഹീറോയിന്‍സും. ഞാന്‍ ആന്‍സണ്‍ പോളിന്റെ പെയറാണ്. ഹന്ന….അതാണു കഥാപാത്രം. സൈജു കുറുപ്പിന്റെ പെയറായി ജുവലും ആസിഫ് അലിക്കൊപ്പം നമിതയും. ആസിഫാണ് രഞ്ജിത്തായി വേഷമിടുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയാണു കഥ. അതിലെ ഒരു കഥാപാത്രമാണു ഞാന്‍. ടൈം ലൂപ്പ്, ദേജാവൂ എലമെന്റ്, ടൈം ട്രാവല്‍… ഒന്നുചേരുന്ന ഈ സൈക്കോ ത്രില്ലര്‍ നിര്‍മിച്ചതു നിഷാദ് പീച്ചി. തിരുവനന്തപുരത്തായിരുന്നു ഷൂട്ടിംഗ്.
ഡിഎന്‍എ
എ.കെ.സന്തോഷിന്റെ സ്ക്രിപ്റ്റില്‍ ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് ഡിഎന്‍എ. നിര്‍മാണം ബെന്‍സി പ്രൊഡക്ഷന്‍സ്. ഡിഓക്സി റൈബോ ന്യൂക്ലിക് ആസിഡ്…അതാണ് ഡിഎന്‍എ. ക്രൈം അനാലിസിസുമായി ബന്ധമുള്ള പേര്. ഇതിലും കഥാപാത്രത്തിന്റെ പേര് ഹന്നയെന്നാണ്.
റേഡിയോ ജോക്കിയാണ്. റൊമാന്സുമായിവരുന്ന കഥാപാത്രം. അഷ്കര്‍ സൗദാന്റെ പെയറാണ്. ഏറെ ഹംബിളും സപ്പോർട്ടീവുമാണ് അഷ്കർ. റായ് ലക്ഷ്മി പോലീസ് ഓഫീസറാണ്. എന്തു പ്രശ്നമുണ്ടായാലും ശാന്തത കൈവിടാതെ പെരുമാറുന്ന, എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യുന്ന ഡയറക്ടര്‍. ചെറിയ സീനില്‍ പോലും അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റുകള്‍. എറണാകുളത്തും മുരുഡേശ്വറിലുമായിരുന്നു ഷൂട്ടിംഗ്. ഡിഎന്‍എ റലീസിന ൊരുങ്ങുന്നു. റിനോയി കല്ലൂര്‍ സംവിധാനം ചെയ്യുന്ന ഒരു റൊണാൾഡോ ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. അതും സിനിമയ്ക്കുള്ളിലെ സിനിമയാണ്.
തമിഴിൽ
കുറേ ചിത്രങ്ങള്‍ ചെയ്യുന്നതിലുപരി ചെയ്ത വേഷങ്ങള്‍ നന്നായി അല്ലെങ്കില്‍ മെച്ചപ്പെട്ടു എന്നു പ്രേക്ഷകര്‍ പറയണം. കൂമനിലേതുപോലെ എന്റെ വേഷങ്ങൾ അവർ ഓര്‍ക്കണം. മൊട്ടയടിച്ചതുപോലെ ഞാനല്ലാത്ത റോളുകള്‍, ലവ് എന്നതിലുപരി ഏറെ ഡെപ്ത്തുള്ള വേഷങ്ങൾ, അവാര്‍ഡ് ജോണര്‍ പടങ്ങള്‍… ആഗ്രഹമുണ്ട്. ആളുകള്‍ മോശമായി ചിത്രീകരിച്ചാലോ എന്നുതോന്നുന്ന വേഷങ്ങൾ ഒഴിവാക്കും. തമിഴില്‍ സ്ത്രീ കേന്ദ്രീകൃത പ്രമേയം ഉള്‍പ്പെടെ ചില സിനിമകള്‍ റെഡിയാകുന്നു. മലയാളത്തില്‍ മൂന്നു പ്രോജക്ടുകൾ ചര്‍ച്ചയിലാണ്.
ടി.ജി. ബൈജുനാഥ്