ചാത്തന്നൂർ: കെഎസ്ആർടിസിയുടെ പല യൂണിറ്റ് മേധാവികൾക്കും അലംഭാവമാണെന്നും ഷെഡ്യൂളുകൾ കൃത്യമായി ഓപ്പറേറ്റു ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തലും വിമർശനവും. യൂണിറ്റുകളുടെ ഷെഡ്യൂൾ പൊസിഷൻ കൃത്യമായി തയാറാക്കുന്നതിന് വേണ്ടിയുള്ള പെർഫോമയിലെ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി ചീഫ് ഓഫീസിലേക്ക് അയയ്ക്കണമായിരുന്നു. 27 യൂണിറ്റുകൾ ഇതിൽ വീഴ്ച വരുത്തിയതായി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്ലസ്റ്റർ ഓഫീസർമാർ, അസി. ക്ലസ്റ്റർ ഓഫീസർമാർ, ജില്ലാ ഓഫീസർമാർ എന്നിവരുടെ ഓൺലൈൻ യോഗത്തിലായിരുന്നു യൂണിറ്റ് അധികൃതരുടെ വീഴ്ചയെക്കുറിച്ച് വിമർശനം ഉണ്ടായത്. പ്രതിദിനം 15 ലക്ഷം കിലോമീറ്റർ ബസ് ഓടിക്കുകയും 4500 സർവീസുകൾ ഓപ്പറേറ്റ് ചെയ്യുകയുമാണ് ലക്ഷ്യമിടുന്നത്. ഇതു വഴി പ്രതിമാസം 240 കോടി വരുമാനം നേടുക. ഇതിന് വേണ്ടി യാത്രക്കാർ കൂടുതലുള്ള റൂട്ടുകളിൽ ട്രാഫിക് ഡിമാന്‍ഡിനനുസരിച്ച് ഓർഡിനറി, ഫാസ്റ്റ് തുടങ്ങിയ ബസുകൾ സർവീസ് നടത്തണം ഇത് യൂണിറ്റ് അധികൃതരുടെ ഉത്തരവാദിത്വമാണ്.
സ്പെയർ ബസുകൾ ഓടിക്കാതെ യൂണിറ്റുകളിൽ വെറുതേ ഇടരുത്. ഇത്തരം ബസുകൾ സർവീസ് നടത്തുന്നതിന് വേണ്ടി മറ്റ് യൂണിറ്റുകൾക്ക് വിട്ടുകൊടുക്കണം. കിലോമീറ്ററിന് (ഇപി കെ എം) 30 രൂപയിൽ കുറഞ്ഞ വരുമാനമുള്ള സർവീസുകൾ നിർത്താലാക്കുകയോ പുനഃക്രമീകരിക്കുകയോ വേണം. ഈ തീരുമാനം ഗ്രാമീണ മേഖലകളിലുള്ള സർവീസുകൾ റദ്ദാക്കുന്നതിന് ഇടയാക്കും. ഗ്രാമീണ മേഖലകളിൽ യാത്രാ ദുരിതം ഉണ്ടാക്കാനിടയാക്കും.
പ്രദീപ് ചാത്തന്നൂർ