പയ്യന്നൂര്‍: ഉക്രൈന് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ഫീസിളവ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പതിനഞ്ചേമുക്കാല്‍ ലക്ഷം രൂപ വഞ്ചിച്ചതായുള്ള പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു.
കോറോം മുത്തത്തിയിലെ പി. ആകാശ് ബാബുവിന്വേണ്ടി പിതാവ് സുധീര്‍ ബാബു നല്കിയ പരാതിയിലാണ് കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ റിയാസ് മുഹമ്മദ്, ഷജാസ് എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
2021 ജൂണ്‍ 28 നാണ് പരാതിക്കാസ്പദമായ സംഭവം. ഉക്രൈയിനിലെ വിഎന്‍ കര്സെയ്ന് ഖോര്കിവ് നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ 2020 മുതല്‍ 2026 വരെയുള്ള പഠനത്തിന് പരാതിക്കാരന്റെ മകന് അഡ്മിഷന് ലഭിച്ചിരുന്നു.
ഫീസ് ഒന്നിച്ചടച്ചാല്‍ രണ്ടാം വര്‍ഷം മുതല്‍ ആറാംവര്‍ഷം വരെയുള്ള പഠനത്തിന് ഫീസിളവ് ലഭിക്കുമെന്ന് വിശ്വസിപ്പിച്ചതിനെ തുടര്‍ന്ന് കൊല്ലം കിളിക്കൊല്ലൂരുള്ള മേക്ക് വേ ഇഡ്യുക്കേഷണല് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മുഖേന പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടുവഴി 15,75,000 രൂപ സ്ഥാപനത്തിന് കൈമാറിയിരുന്നു.
എന്നാല്‍, എതിര്‍കക്ഷികളായ കൊല്ലത്തെ സ്ഥാപനയുടമകള്‍ യൂണിവേഴ്സിറ്റിയില്‍ പണമടക്കാതേയും പണം തിരിച്ച് നല്‍കാതേയും വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിയിലാണ് കേസെടുത്തത്.