തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി കെ. ബി ഗണേഷ് കുമാർ. വരുമാനം കൂട്ടുക മാത്രമല്ല ലക്ഷ്യം അതിനൊപ്പം ചെലവ് കുറയ്ക്കലും ഉണ്ടാകണെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കും. മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയക്രമത്തിന്റെ കുഴപ്പമാണു നഷ്ടത്തിലോടുന്നതിനു കാരണമെങ്കിൽ സമയക്രമം പരിഹരിക്കുമെന്നും മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത എസ്റ്റേറ്റുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലെ സർവീസുകൾ നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.
ദീർഘദൂര ബസ് യാത്രക്കിടെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ബസ് നിർത്തിക്കൊടുക്കാറുണ്ട്. ആ സ്ഥലങ്ങൾ വൃത്തിയുള്ളതാക്കും. ശുചിമുറികൾ ഇല്ലാതെ സ്ത്രീകൾ ഉൾപ്പടെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്ത് നൽകണം. ശുചിമുറി ഉൾപ്പടെ നിർമിച്ചെങ്കിൽ മാത്രമേ അവിടെ ബസ് നിർത്തുകയുള്ളുവെന്നും കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ മൂലയൂട്ടുന്ന അമ്മമാർക്കു പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റോബിൻ ബസ് വിഷയത്തിൽകോടതി വിധിക്ക് ശേഷം മറുപടി പറയാമെന്നും നിയമ ലംഘനം അനുവദിക്കില്ലെന്നും കെ. ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ഗതാഗതമന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണറും നാളെ പമ്പയിലേക്ക് പോകും.