കടലിൽ എയർപോർട്ട് നിർമ്മിച്ചാൽ എങ്ങനെയുണ്ടാവും. കേൾക്കുമ്പോൾ വിചിത്രമായി തോന്നിയാലും സംഭവം വെറൈറ്റിയല്ലേ. എന്നാൽ അങ്ങനെയൊരു വിമാനത്താവളമുണ്ട്. ജപ്പാനിലെ കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിനാണ് ഈ പ്രത്യേകത ഉള്ളത്. ഈ വിമാനത്താവളം നിർമിക്കുന്നതിനായി ആദ്യം ഒരു ദ്വീപ് നിർമിക്കുകയാണ് അധികൃതർ ചെയ്തത്. പിന്നീട് ഈ മനുഷ്യനിർമിത ദ്വീപിലാണ് ഈ വിമാനത്താവളം പണിതുയർത്തിയത്.
ഈ വിമാനത്താവളം നിർമിക്കാൻ 20 മില്ല്യൺ ഡോളറാണ് ചിലവായത്. 25 മില്ല്യൺ യാത്രക്കാരെങ്കിലും ഓരോ വർഷവും ഈ വിമാനത്താവളം ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ട്. ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാനങ്ങൾ ഇവിടെ നിന്നും പറക്കുന്നുണ്ട്. കൂടാതെ ഈ വിമാനത്താവളത്തിൽ നിരവധി ഷോപ്പുകളും റെസ്റ്റോറന്റുകളുമുണ്ട്.
എന്നാൽ ഇപ്പോൾ വിമാനത്താവളത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാണുന്നവർ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഈ വിമാനത്താവളം മുങ്ങിപ്പോകുമോ എന്നാണ് ചോദിക്കുന്നത്. ജപ്പാനിലെ ഗ്രേറ്റർ ഒസാക്ക ഏരിയയിലെ ഹോൺഷു തീരത്ത് ഒസാക്ക ബേയുടെ മധ്യത്തിലാണ് ഈ വിമാനത്താവളം. ഈ വിമാനത്താവളം പണിയുന്നതിന് വേണ്ടി മാത്രമാണ് കങ്കൂജിമ എന്ന മനുഷ്യനിർമ്മിത ദ്വീപ് നിർമ്മിച്ചത്. ഒസാക്ക ഇന്റർനാഷണൽ എയർപോർട്ടിലെ തിരക്ക് കൂടിയപ്പോൾ അതിന് ഒരു പരിഹാരമായിട്ടാണ് ഈ കൻസായി വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.
നിരവധി പ്രത്യേകതകളുള്ള വിമാനത്താവളമാണെങ്കിലും ഇതിനെ കുറിച്ചുള്ള തർക്കങ്ങളും വിമർശനങ്ങളുമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. 1994 -ലാണ് വിമാനത്താവളം ആദ്യമായി തുറന്നത്. 2018 ആയപ്പോഴേക്കും അത് 38 അടി താഴ്ന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എൻജിനീയർമാർ പ്രവചിച്ചതിലും 25% കൂടുതലാണിതെന്നും പറയപ്പെടുന്നു. കെട്ടിടങ്ങളുടെ ഭാരവും വെള്ളം പൊങ്ങുന്നതുമെല്ലാം ഈ വിമാനത്താവളം വെള്ളത്തിനടിയിലാവുന്നതിനാണ് കാരണമാകുമെന്നാണ് ആശങ്ക.