കൊച്ചി: ഡ്രൈ ഡേകളില്‍ ചില്ലറയായും കുപ്പിയായും മദ്യവില്പന നടത്തിയിരുന്ന തക്കാളി സൂരജ് മദ്യം സൂക്ഷിച്ചിരുന്നത് കാടുപിടിച്ച സ്ഥലങ്ങളില്‍. മദ്യം വീട്ടില്‍ സൂക്ഷിക്കാതെയായിരുന്നു ഇയാളുടെ മദ്യവില്പന. കേസുമായി ബന്ധപ്പെട്ട് വെണ്ണല ആലിന് ചുവട് അംബേദ്കര്‍ റോഡ് സ്വദേശി നെല്ലിതുരുത്തിപ്പറമ്പില് തക്കാളി എന്ന് വിളിക്കുന്ന സൂരജ് (28) ആണ് എക്സൈസ് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. വീടിന് സമീപത്തുള്ള പറമ്പിലും മറ്റ് കാടുപിടിച്ച സ്ഥലങ്ങളിലും കൊണ്ടുപോയിട്ട് ആവശ്യക്കാര്‍ വരുമ്പോള്‍ ചെന്ന് എടുത്ത് കൊടുക്കുന്നതായിരുന്നു ഇയാളുടെ രീതി.
സൂരജിനെതിരേ മദ്യവില്പന സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഇതിന് മുന്‍പ് ഉണ്ടായിരുന്നുവെങ്കിലും പരിശോധനാ സമയം മദ്യവുമായി പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചിരുന്ന എക്സൈസ് സംഘം ആക്രി സാധനങ്ങള്‍ എടുക്കുന്നവരുടെ വേഷത്തിലെത്തി സാധനം ആവശ്യപ്പെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്തെ മതില് കെട്ടിനുള്ളില്നിന്ന് ഇയാള്‍ മദ്യം എടുത്ത് എക്സൈസ് സംഘത്തിന് കൊടുത്തു. തുടര്‍ന്ന് മതില് കെട്ടിനകത്ത് നിന്ന് അരലിറ്ററിന്റെ അഞ്ചു കുപ്പി മദ്യം കൂടി എക്സൈസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ വീടിനോട് ചേര്‍ന്ന് തന്നെ ചാരായം വാറ്റുന്നതിന് പാകമാക്കി വച്ചിരിക്കുന്ന വാഷ് ഇയാള്‍ തന്നെ എക്സൈസിന് കാണിച്ച് കൊടുത്തു. 17 ലിറ്റര്‍ വാഷും കണ്ടെടുത്തു.
എറണാകുളം റേഞ്ച് അസി. ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, കെ.ആര്. സുനില്‍, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, എന്‍.എം. മഹേഷ്, സിഇഒമാരായ പി.ആര്. സന്തോഷ്, ടി.എസ്. നീതു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.