കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ എത്തിയുണ്ടെന്ന് വ്യാജ സന്ദേശം അയച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന പേരില്‍ തട്ടിപ്പ് നടത്തിയ നാലു പേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റു ചെയ്തു.
കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ നാലു പേരാണ് പിടിയിലായത്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എറണാകുളം സ്വദേശിയായ ഡോക്ടറുടെ ഫോണിലേക്കാണ് കഴിഞ്ഞ ദിവസം സന്ദേശമെത്തിയത്. ഡോക്ടര്‍ക്കു വന്ന കൊറിയര്‍ പരിശോധിച്ചതില്‍നിന്ന് അതില്‍ എംഡിഎംഎ ഉണ്ടെന്ന് വിവരം ലഭിച്ചതായും ഇതിന്റെ തുടര്‍ നടപടികളിലേക്കായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്ന നമ്പറും ഉണ്ടായിരുന്നു.
ആ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ നമ്പര്‍ നല്കി. തുടര്‍നടപടികളില്‍നിന്ന് ഒഴിവാകാനായി ഡോക്ടറുടെ അക്കൗണ്ടിലുള്ള പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്രകാരം ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ഡിസംബര്‍ 29, 30 തീയതികളിലായാണ് പണം നഷ്ടമായത്. തുടര്‍ന്ന് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.