കിടങ്ങൂര്‍: അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും പടക്ക നിര്‍മാണത്തിനിടയില്‍ പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനെയും മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
കിടങ്ങൂര്‍ ചെമ്പിളാവ് കുന്നേല്‍ ഭാഗത്ത് കാരക്കാട്ടില്‍ മാത്യു ദേവസ്യ (കുട്ടിച്ചന്- 69), ഇയാളുടെ മക്കളായ ബിനോയ് മാത്യു (45), ബിനീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്കു ചെമ്പിളാവ് ഭാഗത്തുള്ള ഇവരുടെ വീട്ടില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
ഇവര്‍ പടക്കനിര്‍മാണത്തിനായി ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പാലാ എസ്എച്ച്ഒ കെ.പി. ടോംസണ്, കിടങ്ങൂര്‍ എസ്ഐമാരായ കുര്യന് മാത്യു, വിനയന്, പി.ആര്. സുധീര്‍, സിപിഒമാരായ പി.സി. അരുണ്‍കുമാര്‍, കെ.കെ. സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.