കൊല്ലം: അറ്റകുറ്റപ്പണികളും അടിസ്ഥാന വികസനങ്ങൾ ഏർപ്പെടുത്തുന്നതും കാരണം കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. പുതുതായി 16 വണ്ടികളാണ് റദ്ദാക്കിയിട്ടുള്ളത്. ഇവയിൽ കേരളം വഴി കടന്നുപോകുന്ന സർവീസുകളുമുണ്ട്. മാത്രമല്ല ഒമ്പത് വണ്ടികൾ വഴി തിരിച്ച് വിടുമെന്നും റെയിൽവേയുടെ അറിയിപ്പിൽ പറയുന്നു.
ഭോപാൽ ഡിവിഷനിലെ ട്രാഫിക് ബ്ലോക്കുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കൊച്ചുവേളി-ഇൻഡോർ അഹല്യ നഗരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 13നും ഇൻഡോർ-കൊച്ചുവേളി അഹല്യ നഗരി എക്സ്പ്രസ് 15നും പൂർണമായി റദ്ദാക്കി. സേലം ഡിവിഷനിലെ അറ്റകുറ്റപ്പക്ഷികൾ കാരണം ന്യൂഡൽഹി -തിരുവനന്തപുരം കേരള എക്സ്പ്രസ് 27, ഫെബ്രുവരി മൂന്ന് തീയതികളിലും ന്യൂഡൽഹി -തിരുവനന്തപുരം കേരള എക്സ്പ്രസ് 29നും ഫെബ്രുവരി അഞ്ചിനും സർവീസ് നടത്തില്ല.
തിരുവനന്തപുരം-ഹസ്രത്ത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് ഒമ്പത്, 16, 23, 30 തീയതികളിലും ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം എക്സ്പ്രസ് 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും റദാക്കി. എറണാകുളം ജംഗ്ഷൻ -ഹസ്രത്ത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ് 13, 20, 27, ഫെബ്രുവരി മൂന്ന് തീയതികളിലും ഹസ്രത്ത് നിസാമുദീൻ -എറണാകുളം എക്സ്പ്രസ് ഒമ്പത്, 16, 23, 30, ഫെബ്രുവരി ആറ് തീയതികളിലും ഓടില്ല.
കോയമ്പത്തൂർ -ഹസ്രത്ത് നിസാമുദീൻ കൊങ്കു എക്സ്പ്രസ് 21, 28 തീയതികളിലും ഹസ്രത്ത് നിസാമുദീൻ – കോയമ്പത്തൂർ എക്സ്പ്രസ് 24, 31 തീയതികളിലും റദ്ദാക്കി. മധുര -ചണ്ഡിഗഡ് ദ്വൈവാര എക്സ്പ്രസ് 10, 14, 17,21, 24, 28, 31 തീയതികളിലും ചണ്ഡിഗഡ് – മധുര എക്സ്പ്രസ് 15, 19, 22, 26, 29, ഫെബ്രുവരി രണ്ട് തീയതികളിലും സർവീസ് ഉണ്ടാകില്ല.
കന്യാകുമാരി – ശ്രീമാതാ വൈഷ്ണോ ദേവി കത്ര പ്രതിവാര സർവീസ് 12, 19, 26, ഫെബ്രുവരി രണ്ട് തീയതികളിലും ശ്രീമാതാ വൈഷ്ണോ ദേവി കത്ര – കന്യാകുമാരി എക്സ്പ്രസ് 15, 22, 29, ഫെബ്രുവരി അഞ്ച് തീയതികളിലും സർവീസ് നടത്തില്ല. തിരുനെൽവേലി – ശ്രീമാതാ വൈഷ്ണോ ദേവി കത്ര പ്രതിവാര എക്സ്പ്രസ് എട്ട്, 15, 22, 29 എന്നീ തീയതികളിലും ശ്രീ മാതാ വൈഷ്ണോ ദേവി കത്ര -തിരുനെൽവേലി എക്സ്പ്രസ് 11, 18, 25, ഫെബ്രുവരി ഒന്ന് എന്നീ തീയതികളിലും റദ്ദാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ട്രെയിനുകൾ കൂട്ടത്തോടെ സർവീസ് റദ്ദാക്കുന്നതും വഴി തിരിച്ചുവിടുന്നതും യാത്രക്കാരുടെ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത് കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്ത യാത്രക്കാരാണ്.
എസ്.ആർ. സുധീർ കുമാർ