ചാത്തന്നൂർ: കെഎസ്ആർ ടി സി യുടെ മൂവാറ്റുപുഴ ഡിപ്പോയിലെ സ്റ്റാളുകളിൽ നിന്നും അനധികൃതമായി വാടകത്തുക പിരിച്ചെടുത്ത ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തു. ഇപ്പോൾ പെരുമ്പാവൂർ ഡിപ്പോയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ക്ലാർക്ക് സജിത് എസ്. കുമാറിനെതിരെയാണ് അച്ചടക്ക നടപടി.
സജിത് എസ് കുമാർ എറണാകുളം ജില്ലാ ഓഫിസിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് മൂവാറ്റുപുഴ ഡിപ്പോയിലെത്തി കടമുറി വാടക പിരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ വാടക സ്റ്റാൾ ഉടമകളിൽ നിന്നും പിരിച്ചെടുക്കുകയും സ്വന്തം കൈപ്പടയിലെഴുതിയ രസീത് നല്കുകയും ചെയ്തു.
സജിത് എസ് കുമാറിന്റെ ചുമതലയിൽപ്പെട്ടതോ അധികാര പരിധിയിലുള്ളതോ ആയിരുന്നില്ല മൂവാറ്റുപുഴ ഡിപ്പോ. മറ്റൊരു ഡിപ്പോയിലേക്കുള്ള അനധികൃത കടന്നുകയറ്റമായിരുന്നു ഇത്. ഇത് സംബന്ധിച്ച് സിഎംഡിയ്ക്ക് ലഭിച്ച പരാതിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം ഉണ്ടായത്. കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എടുത്തത്.