ഞാനിപ്പോൾ അഭിനയിക്കുന്ന ഭൂരിഭാഗം സിനിമകളും നവാഗതരായ സംവിധായകർക്കൊപ്പമാണ്. ഏറ്റവും പുതിയ ടെക്നോളജിയിലും രീതിയിലും സിനിമയെ സമീപിക്കുന്നവരാണ് അവരെല്ലാം. ആ സിനിമകളിലും നല്ല കഥാപാത്രമാകാൻ സാധിക്കുന്നു എന്നതൊരു ഭാഗ്യമാണ്. പഴയതിനെ അപേക്ഷിച്ച് സിനിമ നിർമിക്കുക എന്നത് ഇന്ന് കുറേക്കൂടി എളുപ്പമായിട്ടുണ്ട്. അത് ടെക്നോളജിയുടെ വളർച്ചകൊണ്ട് സാധ്യമായതാണ്.
പലതരം കാമറകളും മറ്റുപകരണങ്ങളുമെല്ലാം ലഭ്യമായതിനാൽ ഇന്ന് ഏത് ബജറ്റിലും സിനിമയെടുക്കാം എന്ന രീതിയിലേക്ക് കാര്യംമാറി. അതൊക്കെ നല്ലതാണ്. മാറ്റങ്ങൾകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇന്ന് പഴയതിനെ അപേക്ഷിച്ച് സിനിമയിലെ മനുഷ്യർ തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു.
കാരണം കാരവാൻപോലുള്ള സൗകര്യങ്ങൾ വന്നതോടെ ഇടവേളകളിൽ ഒന്നിച്ചിരുന്നുള്ള സംസാരവും മറ്റും ഇല്ലാതായി. സീൻ കഴിഞ്ഞാൽ ആൾക്കാർ കാരവാനിൽ പോയി ഇരിക്കുന്ന രീതിയിലേക്ക് കാര്യം മാറി. അതേസമയം കാരവാൻ വന്നതോടെ മറ്റൊരു ഗുണമുണ്ടായി. ഔട്ട്ഡോർ ഷൂട്ടിംഗ് സ്ഥലങ്ങളിൽ നമ്മുടെ സ്വകാര്യ ആവശ്യങ്ങൾ നിർവഹിക്കാൻ അതൊരു മികച്ച സൗകര്യമായി മാറിയെന്ന് അശോകൻ.