മുംബൈ: നൃത്ത പരിപാടിക്കിടെ ബഹളംവച്ചവരുടെ എല്ല് തല്ലിയൊടിക്കാൻ പോലീസിനോട് പരസ്യമായി ആവശ്യപ്പെട്ട് മഹാരാഷ്ട്ര ന്യൂനപക്ഷ വികസന മന്ത്രി അബ്ദുൾ സത്താർ.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിൽ മന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചു നർത്തകി ഗൗതമി പാട്ടീലിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടി നടക്കുന്നതിനിടെയാണു സംഭവം.
മന്ത്രി സ്റ്റേജിൽ കയറി മൈക്കിലൂടെ പോലീസിന് നിർദേശം നൽകുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
കാണികൾ എഴുന്നേറ്റു ബഹളം വച്ചപ്പോൾ മന്ത്രി ആദ്യം ഇരിക്കാൻ നിർബന്ധിച്ചു. എന്നാൽ സ്ഥിതിഗതികൾ മെച്ചപ്പെടാതെ വന്നതോടെ എല്ല് തല്ലിയൊടിക്കണമെന്ന് ആക്രോശിച്ച് ലാത്തി വീശാൻ പോലീസിനു നിർദേശം നൽകുകയായിരുന്നുവെന്നു പറയുന്നു.
‘നിന്റെ അച്ഛൻ ഇങ്ങനൊരു പരിപാടി കണ്ടിട്ടുണ്ടോ? നീ പിശാചാണോ? മിണ്ടാതെ ഇരുന്നു പ്രോഗ്രാം ആസ്വദിക്കൂ’ എന്നും മന്ത്രി പറയുന്നുണ്ടായിരുന്നു.
മന്ത്രി ഉപയോഗിച്ച ഭാഷ സംസ്കാരത്തിന് അനുയോജ്യമല്ലെന്നു ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ രംഗത്തെത്തി.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന അംഗമായ സത്താർ ഛത്രപതി സംഭാജിനഗറിലെ സില്ലോഡ് നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്.