കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിനെ മറികടന്ന് കണ്ണൂർ. 425 പോയിന്റുകളാണ് കണ്ണൂർ ഒന്നാമത്. 410 പോയിന്റുള്ള കോഴിക്കോടും പാലക്കാടുമാണ് രണ്ടാം സ്ഥാനത്ത്.
409 പോയിന്റുകളോടെ തൊട്ട് പിന്നില്‍ ആതിഥേയരായ കൊല്ലവുമുണ്ട്. മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്: തൃശൂര്‍ 399, എറണാകുളം 387, മലപ്പുറം 385, ആലപ്പുഴ 368, തിരുവനന്തപുരം 364, കാസര്‍ഗോഡ് 360, കോട്ടയം 352, വയനാട് 342, പത്തനംതിട്ട 315, ഇടുക്കി 297.
ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങള്‍. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ശ്രദ്ധേയമായ ഇനങ്ങള്‍. ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റേയും, മൂകാഭിനയത്തിന്റേയും വേദികള്‍ പരസ്പരം മാറ്റിയിട്ടുണ്ട്.
പാഠം പഠിച്ചില്ല, പുലരിയോ ളം വൈകി മത്സരങ്ങൾ
കൊല്ലം: കോഴിക്കോട് എല്ലാം സമയത്തിന് നടന്നപ്പോൾ കലാപ്രേമികളും വിദ്യാർഥികളും ആശ്വസിച്ചതാണ്. പക്ഷേ കൊല്ലത്ത് കാര്യങ്ങൾ തകിടം മറിഞ്ഞു. പകലും സന്ധ്യയും പാതിരാവും കടന്ന് പുലരിയോളം വൈകുകയാണ് മത്സരങ്ങൾ. പലവേദികളും 16 മണിക്കൂർ വരെയാണ് ഉണർന്നിരുന്നത്.
അപ്പീലുകളുടെ തള്ളിക്കയറ്റത്തിനൊപ്പം മത്സരം സമയത്ത് തുടങ്ങാത്തതും പ്രശനമാണ്. ആദ്യദിവസം ഉദ്ഘാടനം കഴിഞ്ഞ് മത്സരം തുടങ്ങാൻ താമസിച്ചു.
സംഘനൃത്തവും കോൽകളിയും രണ്ടാം ദിവസം പുലർച്ചെ മൂന്നിനാണ് തീർന്നത്. രണ്ടാം ദിവസം രാവിലെ 9.30 ന് വേദി ഉണരും എന്ന ഔദ്യോഗിക അറിയിപ്പ് വിശ്വസിച്ച് വന്ന കാണികൾക്ക് കാണാൻ കഴിഞ്ഞത് ഒഴിഞ്ഞ പന്തലുകളും കർട്ടനിട്ട വേദികളും.
കുട്ടികൾ നറുക്കിന് വരാനും വേദിയേറാനും മനപ്പൂർവം താമസിക്കുന്നു എന്നാണ് സംഘാടകർ പറയുന്ന ന്യായം. രണ്ടാം ദിവസം അര മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ തുടക്കം വൈകി.
കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം മത്സരാർഥികൾ പല വേദികളിലും അപ്പീൽ വഴി വന്നതോടെ മത്സരം അത്രയേറെ നീണ്ടു. രാത്രി 10-ന് ശേഷമുള്ള കലാമത്സരങ്ങൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാറ്റിൽ പറന്നു.
രാവിലെ മുതൽ വേഷമിട്ട് നിന്നവർ തളർന്നുവീണു. വിദ്യാഭ്യാസ മന്ത്രി രണ്ടാം ദിവസം രാവിലെ ഉദ്യോഗസ്ഥയോഗം വിളിച്ച് സമയക്രമം ഓർമിപ്പിച്ചിട്ടും കാര്യങ്ങൾ നന്നായില്ല.