ലക്ഷങ്ങളുടെ നഷ്ടമാണ് യുവതിക്ക് ഒരു കപ്പ് കാപ്പി വരുത്തി വെച്ചത്. കയ്യിൽ നിന്ന് അബദ്ധത്തിൽ കാപ്പി തട്ടി കീബോർഡിൽ വീണതിനെ തുടർന്ന് ലാപ്ടോപ്പ് തകരാറിലായതാണ് സംഭവം. 1.74 ലക്ഷം വില വരുന്ന ആപ്പളിന്റെ മാക്ബുക്ക് പ്രോ ലാപ്ടോപിന് മേലെയാണ് കാപ്പി വീണത്. ബാംഗ്ലൂർ സ്വദേശിയായ യുവതി കഴിഞ്ഞ വർഷമാണ് ലാപ്ടോപ് വാങ്ങിയത്. ലാപ്ടോപിന്റെ തകരാറ് പരിഹരിക്കുന്നതിനായി യുവതി ആപ്പിൾ സ്റ്റോറിലെത്തി.
ഖേദകരമെന്നു പറയട്ടെ, ആപ്പിൾ കെയർ പ്ലസിന് ഈ കേടുപാടുകൾ പരിഹരിക്കാൻ കഴിഞ്ഞില്ല. പിന്നാലെ പരാതിയുമായി യുവതി മൂന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചു.
ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐകെയർ ആംപിൾ ടെക്നോളജീസ്, ഇമാജിൻ സ്റ്റോർ എന്നിവയ്ക്കെതിരെ ആണ് പരാതി സമർപ്പിച്ചത്. പരാതിയിൽ അന്യായമായ വ്യാപാര രീതിയാണ് ഇവർ പിന്തുടരുന്നത് എന്ന ആരോപണങ്ങളും യുവതി ഉന്നയിച്ചു.
എന്നാൽ യുവതിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ആപ്പിൾ ഇന്ത്യയ്ക്ക് അനുകൂലമായാണ് ഉപഭോക്തൃ ഫോറം വിധിയെഴുതിയത്. ലാപ്ടോപിന്റെ ആന്തരിക ഭാഗങ്ങളിലേക്ക് ദ്രാവകം എത്തി സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദി അല്ലെന്നായിരുന്നു ആപ്പിളിന്റെ വിശദീകരണം.
അതേസമയം, കേസിൽ പരാജയപ്പെട്ടെങ്കിലും ആപ്പിളിന്റെ അംഗീകൃത സേവനങ്ങളുമായി യുവതി ബന്ധപ്പെട്ടതിനാൽ കേടായ ലാപ്ടോപ് ഫെബ്രുവരി 4 ന് ഇവർക്ക് ശരിയാക്കി നൽകി എന്നും റിപ്പോർട്ട് ഉണ്ട്.