വിളമ്പുന്ന ഭക്ഷണത്തിൽ മാത്രമല്ല റെസ്റ്റോറന്റുകളുടെ മൊത്തത്തിലുള്ള ലുക്കിലും പുതുമ വന്നിട്ടുണ്ട്. ഇപ്പോൾ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും ഡിം ലൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. അധികം വെളിച്ചമില്ലാതെ ഇത്തരത്തിൽ ഡിം ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ റെസ്റ്റോറന്റിന്റെ അന്തരീക്ഷം തന്നെ മാറും.
എന്നാൽ ഈ ലൈറ്റിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് മെനു വായിക്കാൻ സാധിച്ചില്ലെങ്കിൽ എന്താവും അവസ്ഥ? കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇത്തരത്തിൽ ഒരു വീഡിയോ എത്തിയിരുന്നു. ഒരു യുവാവ് തന്റെ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ എത്തിയപ്പോഴായിരുന്നു സംഭവം.
റെസ്റ്റോറന്റിൽ ഡിം ലൈറ്റുകളായതിനാൽ ഈ പ്രകാശത്തിൽ പിതാവിന് മെനു വായിക്കാൻ കഴിയുന്നില്ലായിരുന്നു. ഈ സമയത്ത് ഇയാളുടെ ഭാര്യ മൊബൈലിലെ ഫ്ലാഷ് ലൈറ്റ് അടിച്ചു കൊടുക്കുന്നത് വീഡിയോയിൽ കാണാം.
“ഈ ആത്മവിശ്വാസമാണ് എനിക്ക് എന്റെ ജീവിതത്തില്‍ വേണ്ടത്. എന്റെ അമ്മയാണ് അദ്ദേഹത്തിന് ഫ്ളാഷ് ലൈറ്റടിച്ച് കൊടുത്ത് പിന്തുണയ്ക്കുന്നത്,” എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാമിൽ യുവാവ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അതേസമയം വീഡിയോ കണ്ട പലരും റെസ്റ്റോറന്റുകളിലെ ഇത്തരം ഡിം ലൈറ്റ് സംവിധാനത്തെ വിമർശിച്ചും എത്തിയിരുന്നു.