ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ഗോപിബാഗ് പ്രദേശത്ത് പാസഞ്ചർ ട്രെയിനിന് അക്രമികൾ തീയിട്ടു. തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.
പടിഞ്ഞാറൻ നഗരമായ ജെസോറിൽനിന്നു ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോൾ എക്സ്പ്രസിൽ ഇന്നലെ രാത്രി ഒന്‍പതോടെയാണു തീപിടിത്തമുണ്ടായത്. രാത്രി 10.20ഓടെ തീ നിയന്ത്രണ വിധേയമാക്കി.
അക്രമികൾ തീയിട്ടതിനെ തുടർന്നു ട്രെയിനിന്റെ നാല് കോച്ചുകളിലേക്കു തീ പടരുകയായിരുന്നു. കത്തുന്ന ട്രെയിനിൽനിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ പെട്ടെന്നു പടർന്നു.
നാല് കോച്ചുകൾ പൂർണമായും കത്തിനശിച്ചു. ധാക്കയിലെ ബംഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ബെനാപോളുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിനിനുനേരെയാണ് ആക്രമണമുണ്ടായത്.
ഇതിലെ യാത്രക്കാരിൽ പലരും ഇന്ത്യൻ പൗരന്മാരാണെന്നാണു വിവരം.ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണു രാജ്യത്തെ ഞെട്ടിച്ച സംഭവം. ക്രമസമാധാനപാലനത്തിനായി ബംഗ്ലാദേശിലുടനീളം സൈന്യത്തെ വിന്യസിച്ചു.
പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം സമാനമായ മറ്റൊരു സംഭവത്തിൽ നാല് പേർ മരിച്ചിരുന്നു.