തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ നടപടികളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. കണ്ടക്ടർ, ഡ്രൈവർ തസ്തികകളിലേക്ക് മാത്രം കൂടുതൽ നിയമനങ്ങൾ നടത്തിയാൽ മതിയെന്നു മന്ത്രി നിർദേശം നൽകി.
സ്പെയർ പാർട്സുകൾ വാങ്ങുന്നതിന് നൽകിയിരുന്ന ദീർഘകാല കരാറുകൾ ഒഴിവാക്കും. മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തും.
വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ചേർത്ത് കൂടിയ യോഗത്തിലാണ് ചെലവ് ചുരുക്കൽ നടപടികൾക്ക് മന്ത്രി നിർദേശം നൽകിയത്. ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശന്പളം ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ചെലവ് ചുരുക്കൽ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും അദ്ദേഹം നിർദേശം നൽകി.