കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ ലഭിച്ചതായി കസ്റ്റംസിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് ഡോക്ടറുടെ പക്കല്‍ നിന്നും 41.61 ലക്ഷം രൂപ തട്ടിയ കേസിലെ വമ്പന്മാരെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി. കേസില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മലപ്പുറം ചെമ്മലശേരിയിലെ എന്‍.മുഹമ്മദ് അഫ്സല് (27), കുഞ്ഞലവി (27), കൊളത്തൂരിലെ നിസാമുദീന്‍ ഐബക് (20), സിദിഖ് അഖ്ബര്‍ (23), ബാസിത്(26), ഹാഷിം(29), അമീര്‍ അലി ഫൈസല്‍(42) എന്നിവരെയാണ് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജി.പി. സജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഘം തട്ടിയെടുത്ത പണം കൊല്‍ക്കത്ത, മുംബൈ അന്ധേരി എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായാണ് പോലീസിന് ലഭ്യമായ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
പിടിയിലായ മൂന്നു പേരുടേതടക്കം 18 അക്കൗണ്ടുകളിലേക്കാണ് ഡോക്ടറുടെ പണം എത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതികളില്‍ മറ്റുള്ളവര്‍ ഈ പണം പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവര്‍ക്ക് കൈമാറുകയുമായിരുന്നു. അറസ്റ്റിലായവര്‍ തട്ടിപ്പു സംഘത്തിലെ ചെറിയ കണ്ണികളാണെന്നും ഇവര്‍ക്ക് കുറഞ്ഞ തുക മാത്രമാണ് ലഭിച്ചതെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.
ചോദ്യം ചെയ്യല്‍ തുടരുന്നു
മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുടെ ചോദ്യം ചെയ്യല്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ തുടരുകയാണ്. ഇവരില്‍ നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. സംഭവത്തിന് പിന്നില്‍ മറ്റ് ആളുകളുടെ പങ്ക്, പണം പോയത് എവിടേക്കൊക്കെ, പ്രതികളുടെ പശ്ചാത്തലം, സമാന കുറ്റകൃത്യങ്ങള്‍ മുമ്പ് നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് വ്യക്തത തേടും.
ഇടപ്പള്ളി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഡോക്ടര്‍ക്കു വന്ന കൊറിയറില്‍ എംഡിഎംഎ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് കസ്റ്റംസെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം വിളിച്ചത്. പിന്നീട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരില്‍ ഡോക്ടറെ ബന്ധപ്പെട്ടു. അവര്‍ നല്കുന്ന അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നും പരിശോധനകള്‍ക്ക് ശേഷം 15 മിനുട്ടിനകം തിരികെ ലഭിക്കുമെന്നും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അവര്‍ നല്കിയ അക്കൗണ്ടുകളിലേക്ക് ഡോക്ടര്‍ പണം കൈമാറി. രണ്ട് ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായതായി ഡോക്ടര്‍ക്ക് മനസിലായത്. ഇത്തരത്തില്‍ 41.61 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തുടര്‍ന്ന് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.