കൊച്ചി: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്.
ഇതിന്റെ ഭാഗമായി 14 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സംസ്ഥാന ധനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍.
ജെഎന്‍യു പ്രഫ. ഡോ. സി.പി. ചന്ദ്രശേഖര്‍, 13-ാം ധനകാര്യ കമ്മീഷന് അംഗം ഡോ. ഇന്ദിര രാജരാമന്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ ഡോ. പിങ്കി ചക്രബര്‍ത്തി, മുംബൈ ഇന്ദിരഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്മെന്റ് റിസര്‍ച്ച് പ്രഫ. ഡോ. അഷിമ ഗോയല്‍, ഫെഡറല്‍ ബാങ്ക് റിട്ട. ചെയര്മാന് സി.ബാലഗോപാല്‍, ടെക്നോപാര്‍ക്ക് ഫൗണ്ടര്‍ സിഇഒ ജി. വിജയരാഘവന്, യുഎന്‍ഇപി ക്രൈസിസ് മാനേജ്മെന്റ് ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. മുരളി തുമ്മാരുകുടി, ഐഐഎംകെ ഡയറക്ടര്‍ ഡോ.ദേബാശിഷ് ചാറ്റര്‍ജി, എംഐഡിഎസ് ഡയറക്ടര്‍ ഡോ.സുരേഷ് ബാബു, സെന്റര്‍ ഫോര്‍ ഡവല്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. സി. വീരമണി, റിട്ട ഐഎഎസ് ഉദ്യോഗസ്ഥനായ ആര്. മോഹന്‍, ഡോ.കെ.എം.എബ്രഹാം, ഡോ.സുര്‍ജിത്ത് ദാസ്, ജിഐഎഫ്ടി ഡയറക്ടര്‍ ഡോ.കെ.ജെ. ജോസഫ് എന്നിവരാണ് വിദഗ്ധ സമിതിയിലെ മറ്റ് അംഗങ്ങള്‍.
സാമൂഹിക മേഖലകളില്‍ ചെലവ് കൂടുതലാണെന്നും 2024- 25 ബജറ്റിനായി അധിക വിഭവ സമാഹരണത്തിന് നൂതന മാര്‍ഗം കണ്ടെത്തണമെന്നുമാണ് ഈ മാസം മൂന്നിന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിലുള്ളത്. അധിക വിഭവത്തിനായി എവിടെനിന്ന് വരുമാനം കണ്ടെത്താമെന്നത് സംബന്ധിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കും.
സംസ്ഥാനത്ത് ജിഎസ്ടി നടപ്പിലാക്കിയ ശേഷം അധിക വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ കുറവാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 800 കോടി കൂടി കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനുള്ള കടപ്പത്രങ്ങളുടെ ലേലം ജനുവരി ഒമ്പതിന് നടക്കും.
സീമ മോഹന്‍ലാല്‍