ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ അച്ഛനെ ആക്രമിച്ച കേസ് പ്രതി പാല്‍രാജിന്റെ ഉദ്ദേശം കൊലപാതകം ആയിരുന്നു എന്ന് പോലീസ്. കുട്ടിയുടെ അച്ഛന്റെ നെഞ്ചിന് താഴെയും കാലിലുമാണ് പാല്‍രാജ് കുത്തിയത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പാല്‍രാജ് തന്നെയാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് എഫ്ഐആര്‍ പറയുന്നത്. പാല്‍രാജിനെ ഇന്നലെ രാത്രിയോടെ തന്നെ റിമാന്‍ഡ് ചെയ്തു.
കുട്ടിയുടെ അച്ഛന്റെയും ബന്ധുക്കളുടേയും നേരെയുണ്ടായത് ആസൂത്രിതമായ തരത്തിലൊരു പ്രകോപനമാണെന്ന് പോലീസ് പറയുന്നില്ല. പക്ഷേ, പ്രകോപനത്തെ തുടര്‍ന്നുള്ള ആക്രമണം ആണ് ഉണ്ടായതെങ്കിലും കുത്തിയത് കൊല്ലണമെന്നുള്ള ഉദ്ദേശത്തിലാണെന്നാണ് പോലീസ് പറയുന്നത്.
ശനിയാഴ്ച വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും നിന്നിരുന്ന സ്ഥലത്തേയ്ക്ക് അര്‍ജുന്റെ പിതൃസഹോദരന് പാൽരാജ് എത്തുകയും അതിനു പിന്നാലെ കേസിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇവിടെനിന്ന് പിരിഞ്ഞുപോയ ശേഷം ഇയാള്‍ തിരികെ എത്തി കുട്ടിയുടെ അച്ഛനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.