നിരവധി ആചാരങ്ങളും ചടങ്ങുകളും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ വിവാഹങ്ങൾ. പാട്ടും നൃത്തവും ഇല്ലാതെ ആഘോഷങ്ങൾ അപൂർണ്ണമാണ്. വിവാഹ ചടങ്ങുകളിൽ നൃത്തം ചെയ്യുന്ന ആളുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഹിന്ദിയിൽ ബരാത്ത് എന്നറിയപ്പെടുന്ന വരനുമായുള്ള ഘോഷയാത്രയുടേതാണ് വീഡിയോ. ഹെഡ്ഫോണുകൾ വച്ച് ശബ്ദമില്ലാതെ എല്ലാവരും നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ @sheffoodie എന്ന വ്ലോഗർ ആണ് വീഡിയോ പങ്കുവെച്ചത്. “ഞാൻ ഒരു ഏ ദിൽ ഹേ മുഷ്കിൽ ഡിജെ പാർട്ടിയിൽ പങ്കെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നിങ്ങൾ എപ്പോഴെങ്കിലും അത്തരമൊരു പാർട്ടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുമോ?” സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ‘ബ്രേക്കപ്പ് സോങ്ങിന്റെ’ സൈലന്റ് ഡിസ്കോയെ പരാമർശിച്ചുകൊണ്ട് വീഡിയോ പങ്കിടുന്നതിനിടയിൽ അവൾ എഴുതിയത് ഇങ്ങനെയാണ്.
വീഡിയോയിൽ ഉടനീളം, ആളുകൾ ഹെഡ്ഫോൺ ധരിച്ച് നൃത്തം ചെയ്യുന്നതും ആസ്വദിക്കുന്നതും കാണാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് വ്ലോഗർ വീഡിയോ പങ്കിട്ടത്. അതിനുശേഷം, പോസ്റ്റിന് 19 ദശലക്ഷത്തിലധികം വ്യൂസും 736,000-ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ചിലർ നൂതനമായ ട്വിസ്റ്റിനെ പ്രോത്സാഹിപ്പിച്ചപ്പോൾ, മറ്റുചിലർ അത്തരം ബറാത്തിൽ താൽപ്പര്യമില്ല എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.
അതിനിടെ, മറ്റൊരു ബരാത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ബെംഗളൂരുവിൽ വരൻ കുതിരയെയും കാറിനെയും ഉപേക്ഷിച്ച് പകരം ഒരു ഇലക്ട്രിക് സ്കൂട്ടറിലാണ് വിവാഹത്തിന് എത്തിയത്. Traaexplore Weddings എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പങ്കുവെച്ചത്.