വാഷിംഗ്ടൺ ഡിസി: ഗർഭകാല സമയത്തെ വിദേശയാത്ര ഇപ്പോൾ ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്. വിനോദത്തിന് മാത്രമായാണ് ഈ യാത്രയെന്ന് കരുതിയാൽ തെറ്റി. വികസിത രാജ്യങ്ങളിൽ തങ്ങളുടെ കുട്ടികൾക്ക് പൗരത്വം ലഭിക്കുക എന്നൊരു ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബർത്ത് ടൂറിസമെന്നാണ് ഈ ട്രെൻഡിനെ പറയുന്നത്.
വിദേശിയെ വിവാഹം കഴിക്കുക, അല്ലെങ്കിൽ ദീർഘനാൾ ഇവിടെ താമസിച്ച് പൗരത്വം നേടുക എന്നീ മാർഗങ്ങൾക്ക് പുറമെ ബർത്ത് ടൂറിസമാണ് ഇപ്പോൾ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നേടുന്നതിനായുള്ള ജനപ്രിയമാർഗം.
വികസിത രാജ്യങ്ങളായ അമേരിക്ക, കാനഡ തുടങ്ങി 31 രാജ്യങ്ങളിൽ, അവിടെവച്ച് കുട്ടി ജനിച്ചാൽ ആ കുട്ടിക്ക് ആ രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്നതാണ്. ഈ സാധ്യത മുൻനിർത്തി തങ്ങളുടെ കുട്ടിക്ക് വിദേശ രാജ്യത്തെ പൗരത്വം നേടിക്കൊടുക്കാനായി മാതാപിതാക്കൾ ചെയ്യുന്ന എളുപ്പവഴിയാണിത്.
എന്നാൽ ഈ പ്രവണത കുറച്ച് വർഷമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ അമേരിക്ക പോലുള്ള രാജ്യങ്ങൾ ബർത്ത് ടൂറിസത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ തുടങ്ങി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റഷ്യയിൽ നിന്നും അർജന്റീനയിലേക്ക് പാലായനം ചെയ്യുന്നതിനിടെ ഗർഭിണികൾ പിടിയിലായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബർത്ത് ടൂറിസത്തിന്റെ കാര്യം വെളിപ്പെടുന്നത്.
അതേസമയം, ഈ സാധ്യത മുതലെടുത്ത് അമേരിക്കയിൽ പല കമ്പനികളും ബർത്ത് ടൂറിസം ഏജൻസികളായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ പാക്കേജിൽ ഹോട്ടൽ, മെഡിക്കൽ സൗകര്യങ്ങൾ ഉൾപ്പടെ നൽകുന്നതാണ്. 2019 ൽ അമേരിക്കയിൽ ഏകദേശം 12,000 കുട്ടികൾ ജനിച്ചന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്ക് സൂചിപ്പിക്കുന്നത്.
അമേരിക്കയിലേക്ക് ചൈനയും റഷ്യയും ഉൾപ്പടെ പല രാജ്യങ്ങളിൽ നിന്നും ഗർഭിണികൾ ബർത്ത് ടൂറിസത്തിനായി എത്തുന്നുണ്ട്. ഈ പ്രവണത തടയുന്നതിന്റെ ഭാഗമായി അമേരിക്കയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി കഴിഞ്ഞു.