ഭുവനേശ്വർ: മത്സ്യത്തൊഴിലാളികളുടെ വലയിൽ കേന്ദ്രമന്ത്രി സഞ്ചരിച്ച ബോട്ട് കുടുങ്ങി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപാദന മന്ത്രി പർഷോത്തം രൂപാല സഞ്ചരിച്ചിരുന്ന ബോട്ട് ആണ് ഒഡീഷയിലെ ചിലിക്ക തടാകത്തിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയത്.
മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ബോട്ട് എത്തിച്ചാണ് മന്ത്രിയെ സുരക്ഷിതനായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. ബിജെപി ദേശീയ വക്താവ് സംബിത് പത്രയും മറ്റ് ചില പ്രാദേശിക പാർട്ടി നേതാക്കളും ബോട്ടിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഖുർദ ജില്ലയിലെ ബാലുഗാവിൽ നിന്ന് യാത്ര ആരംഭിച്ച മന്ത്രി തടാകത്തിലൂടെ പുരി ജില്ലയിലെ സതപദയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മത്സ്യബന്ധന തൊഴിലാളികൾ മീൻപിടിക്കാൻ ഉപയോഗിക്കുന്ന വല മന്ത്രി സഞ്ചരിച്ച ബോട്ടിൽ കുരുങ്ങുകയായിരുന്നു.
‘സാഗർ പരിക്രമ’ പരിപാടിയുടെ പതിനൊന്നാം ഘട്ടത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുമായി സംവദിക്കാനാണ് കേന്ദ്രമന്ത്രി ഒഡീഷ സന്ദർശിക്കുന്നത്.