കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്ഥലം മാറ്റിയ ജീവനക്കാരാരുംതന്നെ യാതൊരുവിധത്തിലും പിന്തുണച്ചിട്ടില്ലെന്ന് അതിജീവിത. യുവതിയുടെ പരാതിയെത്തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസര്‍ എന്നിവരെയാണു സ്ഥലം മാറ്റിയത്.
അതിജീവിതയെ പിന്തുണച്ചതിനാണ് ഇവരെ സ്ഥലംമാറ്റിയതെന്നാണ് പ്രചാരണമുള്ളത്. ഈ സാഹചര്യത്തിലാണ് അതിജീവിത പ്രതികരണവുമായി എത്തിയത്.
ചീഫ് നഴ്സിംഗ് ഓഫീസറും നഴ്സിംഗ് സൂപ്രണ്ടും തനിക്കൊപ്പം നിന്നിട്ടില്ലെന്നും, താൻ അറ്റൻഡറുടെ ലൈംഗീക അതിക്രമത്തെക്കുറിച്ച് പറഞ്ഞപ്പോൾ മോളെ, സാരമില്ല, ഇതുകാര്യമാക്കേണ്ട, നിനക്ക് തോന്നിയതായിരിക്കാം’ എന്നാണ് രണ്ടുപേരും പറഞ്ഞതെന്നും അതിജീവിത വെളിപ്പെടുത്തുന്നു.
സംഭവസമയത്ത് ഡ്യുട്ടിയിലുണ്ടായിരുന്ന നഴ്സ് അനിത മാത്രമാണ് തന്നെ പിന്തുണച്ചതെന്നും അതിജീവിത പറഞ്ഞു. കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനുമായി ജീവനക്കാരെ പറഞ്ഞയച്ചത് ആരാണെന്നും അതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടു.
കേസ് ഇല്ലാതാക്കാൻ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നേരത്തെ അഞ്ച് ജീവനക്കാർക്കെതിരേ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിരുന്നു.