ടി.പി. സന്തോഷ് കുമാർ
തൊടുപുഴ: ഗവർണർ-സർക്കാർ ഭിന്നത നിലനിൽക്കുന്നതിനിടെ നാളെ സംസ്ഥാനം ഉറ്റുനോക്കുന്നത് ഇടുക്കിയിലേക്ക്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലെത്തുന്നതിൽ പ്രതിഷേധിച്ച് ഇടതുമുന്നണി ജില്ലാ ഹർത്താൽ കൂടി പ്രഖ്യാപിച്ചതോടെയാണ് ഗവർണറുടെ സന്ദർശനത്തിനു പ്രത്യേക മാനം കൈവന്നിരിക്കുന്നത്.
വ്യാപാര വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് നാളെ ഗവർണർ തൊടുപുഴയിലെത്തുന്നത്.
നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബിൽ ഇതുവരെയും ഒപ്പിടാൻ തയാറാകാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് നാളെ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി രാജ്ഭവൻ മാർച്ച് തീരുമാനിച്ചിട്ടുണ്ട്. ഇതേ ദിവസം തന്നെയാണ് ഗവർണർ ജില്ലയിൽ എത്തുന്നത്.
ഇതോടെയാണ് ഗവർണറുടെ സന്ദർശനത്തെ പ്രതിരോധിക്കാൻ ഇടതു മുന്നണി ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചത്.ഗവർണർക്കെതിരേ നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇവിടെയും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐയും അറിയിച്ചിട്ടുണ്ട്.
ഇതിനിടെ പരിപാടി മാറ്റണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ നേതൃത്വം വ്യാപാരി വ്യവസായി സംഘടനാ നേതാക്കളെ സമീപിച്ചെങ്കിലും നേരത്തെ നിശ്ചയിച്ചതിനാൽ മാറ്റാനാവില്ലെന്ന നിലപാടിലാണു വ്യാപാരി വ്യവസായി അസോസിയേഷൻ.
സംഘടനയിലെ അംഗങ്ങളുടെ കാരുണ്യപദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിക്കു മറ്റൊരു ലക്ഷ്യങ്ങളുമില്ലെന്നു നേതാക്കൾ പറഞ്ഞു. എന്നാൽ ജില്ലയിൽനിന്നുള്ള ജനങ്ങൾ പങ്കെടുക്കുന്ന രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്ന ദിവസം തന്നെ ഗവർണർ ജില്ലയിലെത്തുന്നതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്.
ഇതിനിടെ ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജില്ലയിൽ വാക്പോരും രൂക്ഷമായി. സിപിഎം നേതാവ് എം.എം. മണി എംഎൽഎ ഗവർണർക്കെതിരേ കഴിഞ്ഞ ദിവസം രൂക്ഷവിമർശനം നടത്തിയിരുന്നു.
ഭൂനിയമ ഭേദഗതി ബിൽ ഒപ്പുവയ്ക്കാത്ത ഗവർണർ നാറിയാണെന്നും ജില്ലയിൽ ഗവർണർ പ്രവേശിക്കുന്നതു പെറപ്പ് പണിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഗവർണർക്കു പരവതാനി വിരിക്കാൻ ഇടുക്കിയുടെ മണ്ണു വിട്ടുകൊടുക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസും പറഞ്ഞു.
ഗവർണർ ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് എൽഡിഎഫ് നേതൃത്വവും വ്യക്തമാക്കി.എന്നാൽ വ്യാപാരി വ്യവസായി ഏപോന സമിതി സംഘടിപ്പിക്കുന്ന ജീവ കാരുണ്യ പരിപാടിയ്ക്ക് പിന്തുണ നൽകുമെന്ന് ഡിൻ കുര്യാക്കോസ് എംപി പറഞ്ഞു.
എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ അനാവശ്യമാണെന്നും ഇതിന്റെ പേരിൽ സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുകയാണെന്നും ഡീൻ പറഞ്ഞു. ഗവർണറുടെ ജില്ലയിലെ സന്ദർശനത്തിനു പൂർണ പിന്തുണ നൽകുമെന്ന് ബിജെപിയും അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ഗവർണറുടെ ജില്ലാ സന്ദർശനത്തിന് രാഷ്ട്രീയ നിറം കൈവന്നതോടെ നാളെ നഗരത്തിൽ സംഘർഷസാധ്യതയും ഉടലെടുത്തു. പോലീസിന്റെ കനത്ത സുരക്ഷയിലായിരിക്കും ചടങ്ങ് നടക്കുക. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്കു മാത്രമാണു പ്രവേശനം അനുവദിക്കുക.