മലപ്പുറം: മലപ്പുറത്ത് വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ യുവാവ് മോഷണക്കേസിലും പ്രതിയെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ സഞ്ജയ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഞ്ജയ് മലപ്പുറം എടവണ്ണയിൽ പിടിയിലാകുന്നത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്പറഞ്ഞു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് പെൺകുട്ടിയുമായി അടുത്തത്. പെൺകുട്ടിയെ വീട്ടിൽനിന്നു നിർബന്ധിച്ചു വിളിച്ചിറക്കിയ യുവാവ് കഴിഞ്ഞ ദിവസം എടവണ്ണയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി.
ഇവിടെവച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയെ യുവാവിനൊപ്പം കണ്ടതായി പോലീസിനു വിവരം ലഭിച്ചു.
ഇതോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവാവ് കുടുങ്ങുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ചുമത്തിയാണ് കേസ് എടുത്തത്.
വിശദമായി മൊഴിയെടുത്ത ശേഷം പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയും കുടുംബവും രണ്ടു വർഷം മുൻപ് റബ്ബർ ടാപ്പിംഗ് ജോലിക്കായി മലപ്പുറം ജില്ലയിലെ വഴിക്കടവിലെത്തിയതാണ്.