കൊച്ചി: ലോഡ്ജില്‍ താമസിക്കാനെത്തിയ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ലോഡ്ജ് ഉടമയും സുഹൃത്തും അറസ്റ്റില്‍. എറണാകുളം നോര്‍ത്തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോം ഉടമ എറണാകുളം സെന്റ് ബെനഡിക്ട് ക്രോസ് റോഡ് തറയില്‍ ബെന്‍ജോ (42), സുഹൃത്ത് തൊടുപുഴ വണ്ടമറ്റം നെല്ലിമലപുത്തന്പുരയില് എന്‍.ജെ. ഷൈജോ എന്നിവരെയാണ് നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഹോട്ടലില്‍ താമസിക്കാനെത്തിയത്. രണ്ടു മുറികള്‍ എടുത്തിരുന്നു. ഇന്നലെ രാത്രി സംഘം പുറത്തുപോയി വന്നശേഷം ഹോട്ടലിന്റെ ലോബിയില്‍ വച്ചാണ് വാക്കുതര്‍ക്കം ഉണ്ടായത്. ഉടമയുടെ സുഹൃത്തായ ഷൈജോയുമായാണ് ആദ്യം വാക്കുതര്‍ക്കം ഉണ്ടായത്.
പിന്നീട് ബേന്ജോ കൂടി ഇടപെടുകയായിരുന്നു. ഇയാള്‍ യുവതിയുടെ മുഖത്ത് രണ്ടു തവണ അടിച്ചതായും പരാതിയിലുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.
തുടര്‍ന്ന് ഹോട്ടലുടമ മുറിയൊഴിയാന്‍ യുവതിയോടും സംഘത്തോടും ആവശ്യപ്പെട്ടു. എന്നാല്‍ പണം തിരികെ നല്‍കാതെ മുറിയൊഴിയില്ലെന്ന് സംഘം അറിയിച്ചു. യുവതി നോര്‍ത്ത് പോലീസില്‍ നല്കിയ പരാതിയില്‍ ഇരുവരും ഇന്ന് രാവിലെയാണ് അറസ്റ്റിലായത്.