ഛണ്ഡീഗഡ്: അധ്യാപകനെതിരെ പീഡനപരാതിയുമായി അഞ്ഞൂറ് കോളജ് വിദ്യാർഥിനികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹരിയാന മുഖ്യമന്ത്രി എം.എൽ. ഖട്ടറിനും ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർഥിനികൾ കത്തയച്ചു. സിര്‍സയിലുള്ള ചൗദരിദേവി ലാല്‍ സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെയാണ് പീഡന പരാതി ഉയർന്നിരിക്കുന്നത്.
വൈസ് ചാന്‍സിലർക്ക് പരാതി നൽകിയപ്പോൾ കോളേജില്‍നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരാതിയിൽ പറയുന്ന അധ്യാപകന് വൻ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് വിസി പറഞ്ഞെന്നും ആരോപണങ്ങൾ ഒതുക്കി തീർക്കാൻ മാർക്ക് വാഗ്ദാനം ചെയ്തെന്നും വിദ്യാർഥിനികൾ അറിയിച്ചു.
അധ്യാപകൻ വിദ്യാർഥിനികളെ ഓഫീസിലേക്ക് വിളിപ്പിച്ച ശേഷം ബാത്ത് റൂമിലേക്ക് കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിലെ മുഖ്യ ആരോപണം. പ്രതികരിച്ചപ്പോള്‍ അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും മാസങ്ങളായി ഇത് തുടരുകയാണെന്നും വിദ്യാർഥിനികൾ പറയുന്നു.
ഹരിയാന ഗവര്‍ണര്‍ ബണ്ഡാരു ദത്തത്രെയ, വൈസ് ചാന്‍സിലര്‍ ഡോ.അജ്മര്‍ സിങ് മാലിക്ക്, ആഭ്യന്തര മന്ത്രി അനില്‍ വിജ്, ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, മാധ്യമങ്ങൾക്കും പരാതിയുടെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
ഇയാളെ സസ്പെൻഡു ചെയ്യണമെന്നും വിമരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും വിദ്യാർഥിനികൾ പരാതിയിൽ ആവശ്യപ്പെടുന്നു.
കത്ത് ലഭിച്ചിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി റജിസ്ട്രാര്‍ ഡോ. രാജേഷ് കുമാര്‍ ബന്സല്ലും സ്ഥിരീകരിച്ചിട്ടുണ്ട്. അധ്യാപകന്റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചുവെങ്കിലും ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്തുവെന്ന് വിദ്യാർഥിനികൾ ആരോപിക്കുന്നു.