മയാമി: അര നൂറ്റണ്ടിനുശേഷം അമേരിക്ക വിക്ഷേപിച്ച ചാന്ദ്രപേടകത്തിന് സാങ്കേതിക തകരാർ. സ്വകാര്യ സ്ഥാപനമായ അസ്ട്രോബോട്ടിക് വികസിപ്പിച്ച പെരിഗ്രിൻ ലൂണാൻ ലാൻഡർ പേടകത്തെ വഹിക്കുന്ന വൾക്കൻ സെന്റോർ റോക്കറ്റ് ഇന്നലെ ഫ്ലോറിഡയിലെ കേപ് കാനവറാലിൽനിന്നു വിജയകരമായി വിക്ഷേപിക്കാൻ കഴിഞ്ഞു.
പക്ഷേ, തുടർന്ന് പെരിഗ്രിൻ പേടകത്തിലെ സോളാർ പാനലുകൾ സൂര്യന് അഭിമുഖമായി വന്നില്ല. ബാറ്ററി ചാർജ് ചെയ്യാൻ പറ്റാതായാൽ ദൗത്യം പരാജയപ്പെടുമെന്ന് അസ്ട്രോബോട്ടിക് അറിയിച്ചു.
അപ്പോളോ ദൗത്യം 1972ൽ അവസാനിച്ചശേഷം അമേരിക്കയിൽനിന്നുള്ള ആദ്യ ചാന്ദ്രപദ്ധതിയാണിത്. പെരിഗ്രിൻ പേടകം ഫെബ്രുവരി 23ന് ചന്ദ്രനിലിറങ്ങുന്ന രീതിയിലാണ് ദൗത്യം ക്രമീകരിച്ചത്. അമേരിക്കയ്ക്കു പുറമേ, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ പേടകങ്ങൾ ഇറക്കിയിട്ടുള്ളൂ.