തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പോലീസ്. തിരുവനന്തപുരത്തെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. ബല പ്രയോഗം വേണ്ടെന്ന് പോലീസിനോട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ രാഹുൽ മാധ്യമങ്ങളോട് സംസാരിക്കുന്പോൾ പോലീസ് പിന്നിൽ നിന്ന് രാഹുലിനെ തള്ളുകയും ബലമായി ജീപ്പിലേക്ക് പിടിച്ച് കയറ്റുകയുമായിരുന്നു.
വെളുപ്പിന് തന്റെ വീട് വളഞ്ഞ് വീടിന് മുമ്പിൽ വന്ന് മുട്ടിയപ്പോൾ ഒരു മടിയും കൂടാതെ വാതിൽ തുറന്ന് പോലീസ് നടപടികളോട് സഹകരിച്ചയാളാണ് താൻ. എന്നിട്ടും എന്തിനാണ് തനിക്കെതിരെ ബലപ്രയോഗം നടത്തുന്നത് എന്ന് രാഹുൽ പോലീസിനോട് ചോദിച്ചു.
അടൂരിലെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ കൺന്റോൺമെന്റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
നേരത്തെ, 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
സംസ്ഥാനത്ത് പ്രവര്‍ത്തകരെ തുടര്‍ച്ചയായി പോലീസ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.