62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ദേശിംഗനാട്ടില്‍ അരങ്ങേറിയപ്പോൾ നാടിനും നാട്ടാര്‍ക്കും ഇത് ഉത്സവ കാലമായിരുന്നു. അതിഥികളെ സത്കരിക്കുന്നതിനു കൊല്ലംകാരേക്കാള് പ്രസിദ്ധര്‍ മറ്റെങ്ങുമില്ല. അത് തെളിയിക്കാന്‍ കൊല്ലം കണ്ടവനില്ലം വേണ്ടെന്ന പഴംചൊല്ല് മാത്രം ധാരാളം. നിരവധി കലാകാരന്മാരെ സമ്മാനിച്ച നാടാണ് കൊല്ലം. കലാകാരന്മാരുടെ നാട്ടില്‍ തന്നെ ഇത്തവണത്തെ കലാമാമാങ്കം അരങ്ങേറിയപ്പോൾ കലോത്സവ ഓര്‍മകള്‍ ഓര്‍ത്തെടുക്കുകയാണ് നീലമന സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഡോ. ദ്രൗപതി പ്രവീണും, ഡോ. പത്മിനി കൃഷ്ണനും.
കേരളത്തിനകത്തും പുറത്തും ‘നീലമന സിസ്റ്റേഴ്സ്’ എന്ന പേരില്‍ രണ്ടുപേരും നൃത്ത രംഗത്ത് ഇന്ന് സജീവമാണ്. ഇവര്‍ രണ്ട് പേരും ഇന്ന് ഡോക്ടര്‍മാരാണ്. എംബിബിഎസ് എന്ന ആഗ്രഹ സാഫല്യം നിറവേറിയിട്ടും നൃത്തത്തെ ഇവര്‍ കൈവിട്ടില്ല. നൃത്തമെന്നത് ഇവരുടെ ജീവനാഡിയാണ്. കലോത്സവ കാലഘട്ടത്തില്‍ കലാതിലകപട്ടം നീലമന ഇല്ലത്തേക്ക് തന്നെയാണ് ചെന്നെത്തുക. ഡോ. പത്മിനി കൃഷ്ണന് രാഷ്ട്രദീപികയോട് സംസാരിക്കുന്നു.
1.ആദ്യമായി ഏതു വര്‍ഷമാണ് കലോത്സവത്തിന് പങ്കെടുക്കുന്നത്
ഒന്നാം ക്ലാസ് മുതല്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. 1988 ലാണ് ആദ്യമായി കലോത്സവത്തിനു ചിലങ്ക അണിഞ്ഞത്.
2.കലോത്സവം ജീവിതത്തില്‍ എങ്ങനെ സ്വാധീനിച്ചു
കലോത്സവത്തിനു പങ്കെടുത്തതു വഴി ചെറിയ ചെറിയ സമ്മാനങ്ങള്‍ കിട്ടിയിരുന്നു. എനിക്ക് അത് വലിയ പ്രോത്സാഹനം ആയിരുന്നു. ഈ സമ്മാനങ്ങള്‍ കിട്ടുന്നത് വഴി ആത്മ വിശ്വാസം ഉണ്ടാക്കി എടുക്കുന്നതിനു സഹായിച്ചു. നേരത്തെ സൂചിപ്പിച്ചത് പോലെ സമ്മാനത്തെ മത്സരബുദ്ധിയോടെ സമീപിക്കരുത്. കുഞ്ഞുങ്ങളില്‍ കലയോടുള്ള വാസനയും ഇഷ്ടവും ഉണ്ടാക്കിയെടുക്കുന്നതിനു മാത്രമാകണം സമ്മാനങ്ങളുടെ സ്ഥാനം. ഒരു അംഗീകാരം നേടി കഴിയുക എന്നു പറഞ്ഞാല്‍ ഏത് കാര്യത്തിനാണോ സമ്മാനം കിട്ടിയത് ആ കാര്യം മുന്നോട്ട് കൊണ്ടു പോകുന്നതിനു തനിക്ക് സാധിക്കും എന്നതിനുള്ള തെളിവാണ്.
3.അന്നത്തെ കലോത്സവ രീതികളും ഇന്നത്തെ കാലത്തെ രീതികളും താരതമ്യം ചെയ്യുമ്പോള്‍ എന്തു തോന്നുന്നു
എന്നെ സംബന്ധിച്ച് സമ്മാനത്തിനു വേണ്ടി ആയിരുന്നില്ല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നത്. ചേച്ചിയും അങ്ങനെതന്നെ ആയിരുന്നു. വെറുതെ ഒരു ഭംഗി വാക്കായി പറയുന്നതല്ല അത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പരിധി വരെയും വേദിക്കായിരുന്നു മുന്‍ തൂക്കം കൊടുത്തിരുന്നത്. അന്ന് ഒരു വേദി കിട്ടുക എന്നു പറഞ്ഞാല്‍ തന്നെ മാഹാഭാഗ്യമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇന്നിന്റെ ലോകത്ത് അത്രയധികം പുരോഗമിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളുടെ വളര്‍ച്ചയും അത്രയധികം വര്‍ധിച്ചു. ഇവയെല്ലാം ഇന്ന് ഓരോ വേദികളാണ്. ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനുള്ള സംവിധാനത്തിലാണ് ഇന്ന് നാമൈല്ലാം എത്തി നില്‍ക്കുന്നത്.
എന്ത് ചെയ്താലും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു ഒരു മാര്‍ഗമാണ് സോഷ്യല്‍ മീഡിയ. അവയെല്ലാം തന്നെ ഒരു തരത്തില്‍ വേദികളാവുകയാണ്. പണ്ട് കാലത്ത് ഒരു വേദി കിട്ടുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ക്ഷേത്രങ്ങളില്‍ പോലും ഒരു സ്റ്റേജ് കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാലമായിരുന്നു. അന്ന് വേദികളും കുറവായിരുന്നു കലാകാരന്മാരും കുറവായിരുന്നു. അതുകൊണ്ട് തന്നെ കലോത്സവം എന്നത് ഞങ്ങളെ സംബന്ധിച്ച് ഒരു വേദി ആയിരുന്നു, ഒരു അനുഭവമാണ്, ഒരു അവസരമായിരുന്നു.
ഇന്ന് അവയില്‍ നിന്നെല്ലാം ഒരുപാട് മാറ്റങ്ങള്‍ വന്നു. കലാകാരന്മാരുടെ എണ്ണത്തില്‍ ഇന്ന് വളരെയേറെ വര്‍ധനവ് ഉണ്ടായി. ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് ഒരുപാട് അവസരങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് കലോത്സവങ്ങള്‍ മത്സരങ്ങളായി മാറുകയാണ്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരമാണ് അവിടെ നടക്കുന്നത്.
കലോത്സവം എന്നാണ് പേരെങ്കിലും കലാമത്സരമായി തന്നെ അത് മാറുന്നു. സ്വാഭാവികമായും മത്സര ബുദ്ധി ഉണ്ടാകുമെങ്കിലും കുഞ്ഞുങ്ങളിലേക്ക് ആ മത്സരബുദ്ധിയെ നിറക്കരുത്. എങ്കില്‍ മാത്രമേ തനതായ കല പുറത്തേക്ക് വരികയുള്ളു. ഗുരുജനങ്ങളാണ് അക്കാര്യം ശ്രദ്ധിക്കേണ്ടത്. കലയെ അറിയണം. കലയിലൂടെ നമുക്ക് കിട്ടുന്ന ആനന്ദം അനുഭവിച്ചറിയണം. എങ്കില്‍ മാത്രമേ കലാകാരന്മാരെ വാര്‍ത്തെടുക്കുന്നതിനു സാധിക്കു.
കലയിലൂടെയും കലാകാരിലൂടെയും സമൂഹത്തിനു നേട്ടം ഉണ്ടാകണം. അതിനു വേണ്ടിയാണ് കല രൂപപ്പെടുത്തിയിരിക്കുന്നത്. നാട്യശാസ്ത്രത്തില്‍ അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ജനങ്ങളില്‍ ധര്‍മബോധം ഉണ്ടാക്കുന്നതിനാണ് കല ഉണ്ടാക്കിയിരിക്കുന്നത്. ഒരുപാട് ജനങ്ങള്‍ സംഗമിക്കുന്ന വേദിയാണ് കലോത്സവം. അതുകൊണ്ട് തന്നെ മത്സരബുദ്ധിയും വഴക്കുകളും മാറ്റി നിര്‍ത്തണം. കല എന്നതിനു പ്രാധാന്യം നല്‍കണം.
4.ഗുരുക്കന്മാര് ആരെല്ലാം
ഏഴാം ക്ലാസ് വരെ മയ്യനാട് ശശികുമാര്‍, കലാമണ്ഡലം കമലം എന്നിവരാണ് പഠിപ്പിച്ചിരുന്നത്. അതിനുശേഷം ഡോ. നീന പ്രസാദിന്റെ ശിഷ്യണത്തിലായിരുന്നു. ഓട്ടന്തുള്ളല് കലാമണ്ഡലം ഗീതാനന്ദന് മാഷായിരുന്നു. കഥകളി പഠിപ്പിച്ചിരുന്നത് ഫാക്ട് ചന്ദ്രശേഖരന് മാഷ് ആയിരുന്നു. ഇപ്പോള്‍ പതിനഞ്ചു വര്‍ഷമായി കുച്ചിപ്പുടി മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കോട്ടയം ലോഗോസ് ജംഗ്ഷനില്‍ നാട്യപ്രിയ എന്ന പേരില്‍ ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ട്. ഓഫ്ലൈനായും ഓണ്‍ലെനായും ധാരാളം കുട്ടികള്‍ നൃത്തം അഭ്യസിക്കുന്നുണ്ട്.
5.ഏതൊക്കെ ഇനങ്ങളിലാണ് കലോത്സവത്തിന് പങ്കെടുത്തിരുന്നത്
പ്രധാമായും ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം,കഥകളി, ഓട്ടന്തുള്ളല്, തമിഴ് പദ്യം ചൊല്ലല്‍, കഥകളി സംഗീതം,
6.കലോത്സവത്തെ ഒരു മത്സരമായിട്ടാണോ കണ്ടിരുന്നത്
ഞങ്ങള്‍ രണ്ടു പേരും ഒരിക്കലും ഇതിനെ മത്സരമായി കണക്കാക്കിയിട്ടില്ല. ഇതൊരു ഉത്സവമായിരുന്നു ഞങ്ങള്‍ക്ക്. കുഞ്ഞുങ്ങളില്‍ അന്ന് മത്സരബുദ്ധി നന്നേ കുറവായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ കലോത്സവം ഞങ്ങള്‍ക്ക് ആഘോഷ രാവ് എന്നു തന്നെ പറയാം.
7.കലാതിലകപട്ടം എത്രവര്‍ഷം നേടിയിട്ടുണ്ട്.
1997ലും 1998 ലും സ്റ്റേറ്റ് കലാതിലകമായിരുന്നു. അതായത് എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന സമയം. 2000ല്‍ കേരള യൂണിവേഴ്സിറ്റി കലാതിലകമായിരുന്നു. സത്യം പറഞ്ഞാല്‍ കലാതിലകം എന്നത് മൂന്നാം ക്ലാസ് മുതല്‍ കിട്ടി വരുന്ന ഒന്നാണ്. സബ്ജില്ലയിലും റവന്യൂ ജില്ലയിലും ഏഴ് തവണ തുടര്‍ച്ചയായി കലാതിലകം ആയിട്ടുണ്ട്. എട്ടാംക്ലാസ് മുതലാണ് സ്റ്റേറ്റ് കലോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ കലോത്സവത്തിനു തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. അക്കാലമത്രയും തുടര്‍ച്ചയായി സബ്ജില്ലയിലും റവന്യൂ ജില്ലയിലും കലാതിലകം ആയിട്ടുണ്ട്. ഹൈസ്കൂള്‍ മുതലാണ് സ്റ്റേറ്റ് കലോത്സവത്തിനു പങ്കെടുക്കുവാന്‍ സാധിക്കുന്നത്.
1997 ല്‍ ഞാന്‍ സ്റ്റേറ്റ് കലോത്സവത്തിനു കലാതിലകം ആയപ്പോള്‍ അതേ വര്‍ഷം ചേച്ചി ദ്രൗപതി കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനു കലാതിലകമായി. സഹോദരിമാര്‍ ഒരുമിച്ച് ഒരേ വര്‍ഷം സ്കൂളിലും കോളജിലും കലാതിലകം ആയി എന്നൊരു പ്രത്യേകതയും ആ വര്ഷത്തിനുണ്ടായിരുന്നു.
8.പിന്തുണ ആരെല്ലാം
തീര്‍ച്ചയായും മാതാപിതാക്കളും ഗുരുക്കന്മാരുമായിരുന്നു വലിയ പിന്തുണ നല്‍കിയിരുന്നത്. വിവാഹ ശേഷം ഭര്‍ത്താവും ഇപ്പോള്‍ മൂന്നു കുഞ്ഞുങ്ങളും എനിക്ക് താങ്ങായി നിന്ന് ആത്മ വിശ്വാസം കൂട്ടുന്നു. എന്നേയും ചേച്ചിയേയും എല്ലാ മത്സരങ്ങളിലും കൊണ്ടു പോകുന്നതും പങ്കെടുപ്പിക്കുന്നതും അച്ഛനും അമ്മയുമാണ്.
കാവ്യാ ദേവദേവന്