തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ.
സർക്കാരിന്റെ ഏകാധിപത്യപ്രവണതകൾക്കെതിരെ ജനങ്ങൾക്ക് വേണ്ടി ജനാധിപത്യപരമായി നടത്തിയ സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി എല്ലാവിധ നിയമപരിരക്ഷയും പാർട്ടി നൽകും. ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പാർട്ടിക്കാരനായ പ്രതിയെ സർക്കാർ സംരക്ഷിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ജനാധിപത്യപരമായി സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ അന്യായമായി കേസെടുക്കുന്നു. ഇത് കേരളമാണെന്നും ഉത്തര കൊറിയ അല്ലെന്നും സിപിഎമ്മും സർക്കാരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെ വീട് വളഞ്ഞ് പുലർച്ചെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസും പാർട്ടിയും ശക്തമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ശബരിനാഥൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിനെ നിശബ്ദനാക്കാമെന്ന് സർക്കാർ കരുതിയാൽ അത് നടക്കില്ലെന്നും ശബരിനാഥൻ വ്യക്തമാക്കി.