ബോംബ് ഭീഷണി വന്നതോടെ പലവട്ടം വേദിമാറ്റി എസ്പിജിയുടെ തന്ത്രം, പ്രധാനമന്ത്രിയുടെ യാത്രയുടെ വിവരങ്ങള്‍ സംഘാടകരെപ്പോലും അറിയിച്ചില്ല, കോഴിക്കോട്ട് ബോംബ് ഭീഷണിക്കുശേഷം നടന്നത്

spgകോഴിക്കോട്: കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച്ച പുലര്‍ച്ചെ 2.30ഓടെയാണ് നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് അജ്ഞാതന്റെ ഫോണ്‍ സന്ദേശം വന്നത്. പാക്കിസ്ഥാനില്‍ നിന്നാണ് വിളിക്കുന്നതെന്ന് ഹിന്ദിയില്‍ പറഞ്ഞ് തുടങ്ങിയ സന്ദേശത്തില്‍ പ്രധാനമന്ത്രിയുടെ വേദിയില്‍ ബോംബ് പൊട്ടുമെന്ന് അറിയിച്ച് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് നടക്കാവ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വേദികളെല്ലാം പോലീസും ഡെല്‍ഹില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. രണ്ടുദിവസം പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളുടെ വേദികളെല്ലാം കര്‍ശന നിരീക്ഷണത്തിലായിരുന്നു. പ്രധാനമന്ത്രിയുടെ ഓരോ നീക്കവും എസ്പിജി അടക്കമുള്ളവരുടെ കര്‍ശന സുരക്ഷ വലയത്തിലായിരുന്നു. ഇതിന്റെ ഭാഗമായി സ്വപ്‌ന നഗരയിലെ വേദിയുടെ ആകൃതി പോലും എസ്പിജി ഉദ്യോഗസ്ഥര്‍ അവസാന നിമിഷം മാറ്റിച്ചിരുന്നു. കെട്ടുവള്ളത്തിന്റെ മാതൃകയില്‍ തീര്‍ത്ത വേദി സുരക്ഷ കാരണങ്ങളാല്‍ പൊളിച്ചു നീക്കിയത് സംഘാടകര്‍ക്ക് ചെറിയ വിഷമവും നല്‍കിയിരുന്നു. പ്രധാന മന്ത്രി സഞ്ചരിക്കുന്ന രീതിയിലും അടിക്കടി എസ്പിജി ഉദ്യോഗസ്ഥര്‍ മാറ്റം വരുത്തിയിരുന്നു. കോഴിക്കോട്ട് റോഡ് മാര്‍ഗം യാത്ര ചെയ്തപ്രധാന മന്ത്രിയുടെ കാറിന്റെ സുരക്ഷയ്ക്കായി ഓരോ തവണയും സുരക്ഷ ചുമതലയുള്ള എസ്പിജി വ്യത്യസ്ത രീതിയാണ് സ്വീകരിച്ചിരുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഹുണ്ടി കോള്‍(ഇന്റര്‍ നെറ്റ് വഴി വിളിക്കാവുന്ന സംവിധാനം) ആണ് വന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് ഫോണ്‍ ആയതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. ഗള്‍ഫില്‍ നിന്നാണ് പോണ്‍ വന്നതെന്ന് പോലീസ് പറയുന്നു. പോലീസിന്റെയും സൈബര്‍ സെല്‍ വിദഗ്ധരുടെയും നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ കുറ്റക്കാരെ കണ്ടെത്തുകയെന്നത് അത്ര എളുപ്പമല്ലെന്നും പോലീസ് സമ്മതിക്കുന്നു. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന പ്രധാന മന്ത്രി പങ്കെടുത്ത പരിപാടിയിലെ വേദികളിലെല്ലാം കര്‍ശന പരിശോധനയാണ് പോലീസ് നടത്തിയിരുന്നത്.

Related posts