കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ ലഭിച്ചതായി കസ്റ്റംസിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് ഡോക്ടറുടെ പക്കല്‍ നിന്നും 41.61 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
മട്ടാഞ്ചേരി സ്വദേശി ഷബാസി(31)നെയാണ് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജി.പി. സജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മട്ടാഞ്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഷബാസിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍നിന്ന് ഒമ്പതു ലക്ഷത്തോളം രൂപ അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് മലപ്പുറം ചെമ്മലശേരിയിലെ എന്‍. മുഹമ്മദ് അഫ്സല് (27), കുഞ്ഞലവി (27), കൊളത്തൂരിലെ നിസാമുദീന്‍ ഐബക് (20), സിദിഖ് അഖ്ബര്‍ (23), ബാസിത്(26), ഹാഷിം(29), അമീര്‍ അലി ഫൈസല്‍(42) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷബാസ് അറസ്റ്റിലായത്.
അന്വേഷണ സംഘം തിരിച്ചെത്തി
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വമ്പന്മാരെ കണ്ടെത്തുന്നതിനായി തമിഴ്നാട്ടിലേക്കു പോയ അന്വേഷണ സംഘം കൊച്ചിയില്‍ തിരിച്ചെത്തി. പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലില്‍ അവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിട്ടയച്ചതായാണ് സൂചന.
ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
സംഘം തട്ടിയെടുത്ത പണം കൊല്‍ക്കത്ത, മുംബൈയിലെ അന്ധേരി എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായി അറസ്റ്റിലായവരില്‍ നിന്ന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി നടന്നുവരുകയാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
പിടിയിലായ മൂന്നു പേരുടേതടക്കം 18 അക്കൗണ്ടുകളിലേക്കാണ് ഡോക്ടറുടെ പണം എത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതികളില്‍ മറ്റുള്ളവര്‍ ഈ പണം പിന്‍വലിച്ച് തട്ടിപ്പ് സംഘത്തിലെ മറ്റുള്ളവര്‍ക്ക് കൈമാറുകയുമായിരുന്നു.
അറസ്റ്റിലായവര്‍ തട്ടിപ്പു സംഘത്തിലെ ചെറിയ കണ്ണികളാണെന്നും ഇവര്‍ക്ക് കുറഞ്ഞ തുക മാത്രമാണ് ലഭിച്ചതെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.
ഇടപ്പള്ളി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഡോക്ടര്‍ക്കു വന്ന കൊറിയറില്‍ എംഡിഎംഎ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് കസ്റ്റംസെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം വിളിച്ചത്.
പിന്നീട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരില്‍ ഡോക്ടറെ ബന്ധപ്പെട്ടു. അവര്‍ നല്കുന്ന അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നും പരിശോധനകള്‍ക്ക് ശേഷം 15 മിനുട്ടിനകം തിരികെ ലഭിക്കുമെന്നും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അവര്‍ നല്കിയ അക്കൗണ്ടുകളിലേക്ക് ഡോക്ടര്‍ പണം കൈമാറി. രണ്ട് ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായതായി ഡോക്ടര്‍ക്ക് മനസിലായത്. ഇത്തരത്തില്‍ 41.61 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തുടര്‍ന്ന് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.