കോട്ടയം: കളത്തിപ്പടിയിലെ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടുള്ള വൃദ്ധദമ്പതികളില്നിന്ന് ഒന്നരക്കോടിയിലധികം രൂപ തട്ടിയ കേസില്‍ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഏറികാട് ഭാഗത്ത് മന്നാപറമ്പില്‍ റെജി ജേക്കബ് (41) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കളത്തിപ്പടയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ മാനേജരായി ജോലി ചെയ്യുന്ന റെജി കളത്തിപ്പടിയില്‍ താമസിക്കുന്ന വൃദ്ധ ദമ്പതികളില്‍നിന്ന് ഒരു കോടി അറുപത്തിരണ്ടു ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
മുന്‍പ് ഇതേ ബാങ്കിന്റെ ഏറ്റുമാനൂര്‍ ശാഖയിൽ മാനേജർ ആയിരിക്കുമ്പോൾ അക്കൗണ്ടുള്ള വിദേശത്തായിരുന്ന ദമ്പതികളുമായി റെജി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് റെജി കളത്തിപ്പടി ബ്രാഞ്ചിലേക്ക് മാറി. ഇക്കാലത്ത് വൃദ്ധദമ്പതികൾ വിദേശത്തുനിന്നു നാട്ടിലെത്തിയിരുന്നു.
നാട്ടിലെത്തിയ ഇവർ പണമിടപാടുകൾക്കായി പ്രതിയെ സമീപിക്കുകയും ഇയാള്‍ ബാങ്കിന്റേതായ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇവരില്‍നിന്ന് ചെക്കുകളും ഡെബിറ്റ് ഓഥറൈസേഷന് ലെറ്ററുകളും മറ്റും കൈക്കലാക്കുകയായിരുന്നു.
ഇതു ദുരുപയോഗപ്പെടുത്തി ഏറ്റുമാനൂര്‍, കളത്തിപ്പടി ബ്രാഞ്ചുകളിലുള്ള ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് 2021 മുതല്‍ 2023 വരെ ഉള്ള കാലയളവില്‍ പലതവണകളായി ഒരുകോടി 62 ലക്ഷത്തി ഇരുപത്തയ്യായിരും രൂപ സുഹൃത്തുക്കളുടെയും മറ്റ് അക്കൗണ്ടുകളിലേക്കു അയച്ച് ദമ്പതികളെ റെജി കബളിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ദമ്പതികള്‍ ബാങ്കിനെ സമീപിക്കുകയും ബാങ്ക് ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാള്‍ 22 ലക്ഷം രൂപ ദമ്പതികള്‍ക്കു തിരികെ നല്‍കുകയും ചെയ്തു. ബാക്കി തുക ഇയാള്‍ നൽകിയില്ല. പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.