ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വിജയിപ്പിക്കുന്നതിൽ ശ്രദ്ധ നൽകണമെന്ന് കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രിയുടെ നിർദേശം. മന്ത്രിമാർ വിവാദ വിഷയങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും മോദി നിർദേശിച്ചു. ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങ് നടക്കും.
വെള്ളിയാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് നരേന്ദ്ര മോദിയുടെ നിർദേശം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മന്ത്രിമാർ മണ്ഡലങ്ങളിൽ സജീവമാകണം. കഴിവതും വിവാദ വിഷയങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിൽ പ്രകോപിതരാകാതിരിക്കാൻ ശ്രദ്ധിക്കണം. അവരുടെ തന്ത്രങ്ങളിൽ അകപ്പെട്ടുപോകരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.