പനാജി: നാലുവയസുകാരനായ മകനെ കൊന്നു ബാഗിലാക്കിയ സ്റ്റാർട്ടപ്പ് വനിതാ സിഇഒ സുചന സേഥ് കൊലയ്ക്കുശേഷം ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി പോലീസ്. കൈഞരമ്പ് മുറിച്ചാണ് സുചന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയിൽ മുറിവുകൾ ഉണ്ടെന്നും മകൻ മരിച്ചശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നു സുചന മൊഴി നൽകിയെന്നും പോലീസ് പറഞ്ഞു.
അപ്പാർട്ട്മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്നു സുചന സമ്മതിച്ചു. ശ്വാസം മുട്ടിയായിരുന്നു കുട്ടിയുടെ മരണം. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. മാപുസ കോടതിയിൽ ഹാജരാക്കിയ സുചന സേഥിനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ മൂന്നു വർഷമായി ഭർത്താവ് വെങ്കട്ടുമായി സുചന പിരിഞ്ഞുകഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസ് അതിന്റെ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി, എല്ലാ ഞായറാഴ്ചയും മകനെ കാണാൻ പിതാവിനെ അനുവദിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. ഇതിനു താത്പര്യമില്ലാതിരുന്ന സുചന തൊട്ടടുത്ത ദിവസം കുട്ടിയുമായി ഗോവയിലേക്ക് തിരിക്കുകയായിരുന്നു.
വിവാഹമോചനവും മകൻ വിട്ടുപോകുമോയെന്ന ആശങ്കയുമാകാം യുവതിയെ കൊടുംകൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്തോനേഷ്യയിൽ ജോലി ചെയ്യുന്ന വെങ്കട്ട് മകന്റെ മരണമറിഞ്ഞ് ഗോവയിലെത്തി. വെങ്കട്ടിനു മലയാളി ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്.