ഗ്രേറ്റർ നോയിഡ: സുഹൃത്തിനെ കള്ളക്കേസിൽ കുടുക്കാൻ സ്വയം വെടിവച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിൽ ദാദ്രി പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള കാന്ത് മണ്ടി പ്രദേശത്താണ് സംഭവം.
തനൂജ് നഗർ എന്നയാൾ രണ്ട് വർഷം മുമ്പ് ഋഷഭ് ഗുപ്തയ്ക്ക് 15 ലക്ഷം രൂപ കടം നൽകിയിരുന്നു. എന്നാൽ ഋഷഭ് ഈ പണം തനൂജിന് തിരികെ നൽകാൻ വൈകി. കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് ചോദിക്കാൻ തനൂജ്, ഋഷഭിന്റെ വീട്ടിലെത്തി.
മറ്റൊരു സുഹൃത്തിനൊപ്പമാണ് തനൂജ് വീട്ടിലെത്തിയത്. സുഹൃത്തിനെ വീടിന് പുറത്ത് നിർത്തിയതിന് ശേഷം തനൂജ് അകത്തേക്ക് കയറിപ്പോയി. കുറച്ച് കഴിഞ്ഞ് തനൂജ് ഒരു തോക്ക് പുറത്തെടുത്ത് കൈയിൽ സ്വയം വെടിവച്ച ശേഷം വീടിന് പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഋഷഭിനെ ക്രിമിനൽ കേസിൽ കുടുക്കുകയായിരുന്നു തനൂജിന്റെ തന്ത്രം. ആശുപത്രിയിൽ കഴിയുന്ന തനൂജിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും നിയമനടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കാര്യത്തിന്റെ വസ്തുതകൾ കണ്ടെത്തുകയും തോക്കിന്റെ രേഖകൾ പരിശോധിക്കുകയും ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.