ന്യൂഡൽഹി: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി പങ്കെടുക്കും. രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ബിജെപി നേതാക്കളിൽ ഒരാളെന്നനിലയിൽ അദ്വാനിയെ ചടങ്ങിലേക്ക് വിശ്വഹിന്ദു പരിഷത്ത് ക്ഷണിച്ചിരുന്നു. തൊണ്ണൂറ്റിയാറുകാരനായ അദ്ദേഹം ആരോഗ്യപ്രശ്നങ്ങളാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്. എന്നാൽ അദ്വാനി പങ്കെടുക്കുമെന്നും അദ്ദേഹത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മെഡിക്കൽ സൗകര്യങ്ങളും ചടങ്ങിൽ ഒരുക്കുമെന്നും വിഎച്ച്പിയുടെ അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു.
ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് രാമ ക്ഷേത്ര പ്രതിഷ്ഠ നടക്കുന്നത്. അതേസമയം, ചടങ്ങിൽ പങ്കെടുക്കില്ലെന്നാണു കോൺഗ്രസ് തീരുമാനം. രാമക്ഷേത്രം പൂർത്തിയായിട്ടില്ലെന്നും പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ ബിജെപിയും ആർഎസ്എസും തെരഞ്ഞെടുപ്പു നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും കോൺഗ്രസ് പ്രസ്താവനയിൽ ആരോപിച്ചു.
ആർഎസ്എസ് പരിപാടിയെയാണ് കോൺഗ്രസ് എതിർക്കുന്നത്. തങ്ങളെപ്പോലെ ചടങ്ങിനെ എതിര്‍ക്കുന്ന ശങ്കരാചാര്യന്മാരും ഹിന്ദുവിരുദ്ധരാണോയെന്നും കോൺഗ്രസ് ചോദിക്കുന്നു.
കോൺഗ്രസിൽനിന്നു ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണു ചടങ്ങിലേക്കു ക്ഷണം ലഭിച്ചിരുന്നത്. ബഹുമാനപൂര്‍വം ക്ഷണം നിരസിക്കുന്നുവെന്നു സോണിയാ ഗാന്ധി വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങെന്നു ചൂണ്ടിക്കാട്ടിയാണ് നാല് ശങ്കരാചാര്യന്മാരും വിട്ടുനില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യർ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിന് രാവണമനോഭാവമെന്നാണു ബിജെപിയുടെ വിമര്‍ശനം. കോൺഗ്രസ് നിലപാടിനെ വിമർശിച്ച് നായർ സർവീസ് സൊസൈറ്റിയും രംഗത്തെത്തി. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണെന്നും പങ്കെടുത്തില്ലെങ്കിൽ അത് ഈശ്വരനിന്ദയാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.