കൂത്തുപറമ്പ്: കോഴിക്കോട് കൊടുവള്ളി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ താമസിപ്പിച്ച ശേഷം ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ.
മാങ്ങാട്ടിടം കണ്ടേരിയിലെ മർവാൻ ആണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ പോലീസിന്റെ പിടിയിലായത്. കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്ത് പ്രതിയെ ഇന്നു നാട്ടിലെത്തിക്കും. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഏതാനും ദിവസം മുൻപ് ഗൾഫിൽനിന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ മകനോടൊപ്പം വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷ്റയെ ഒരു സംഘം കാറിൽ തട്ടിക്കൊണ്ടു പോയി കൂത്തുപറമ്പ് നിർമലഗിരി നീറോളിച്ചാലിലെ ലോഡ്ജിൽ താമസിപ്പിക്കുകയായിരുന്നു.
പിന്നീട് മറ്റൊരു സംഘം ലോഡ്ജിൽ അതിക്രമിച്ച് കയറി മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു. യുവതിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി തെറ്റിപ്പിരിഞ്ഞവരാണ് പിന്നീട് ലോഡ്ജിലെത്തി സ്വർണം കൊള്ളയടിച്ചതെന്നാണ് നിഗമനം.