അതിരമ്പുഴ: ടൗണ്‍ വികസനത്തിന്റെ ഭാഗമായി മാര്‍ക്കറ്റ് ജംഗ്ഷനിലെ കെട്ടിടം പൊളിച്ചുതുടങ്ങി. വിവാദമായ മൂന്നുനില കെട്ടിടം പൊളിച്ചുനീക്കുന്ന നടപടികള്‍ കഴിഞ്ഞ ദിവസമാണു തുടങ്ങിയത്. പൊളിച്ചുനീക്കുന്നതു സംബന്ധിച്ചു ചില തടസങ്ങള്‍ നിലനിന്നിരുന്നു. അതുകൊണ്ടു ഭാഗികമായാണ് ഇപ്പോള്‍ കെട്ടിടം പൊളിക്കുന്നത്.
അതിരമ്പുഴ തിരുനാളിനു മുമ്പായി ടൗണ്‍ വികസനം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. എന്നാല്‍ കെട്ടിടം പൊളിക്കുന്നതില്‍ അനിശ്ചിതാവസ്ഥ ഉണ്ടായതോടെ ആശങ്ക നിലനിന്നിരുന്നു. കെട്ടിടം പൊളിക്കാന്‍ ആരംഭിച്ചതോടെ 20നു മുമ്പായി ടൗണ്‍ വികസനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു പൊതുമരാമത്തു വകുപ്പ് (നിരത്ത് വിഭാഗം) അധികൃതര്‍ പറഞ്ഞു. ചില അനധികൃത നിര്‍മിതികള്‍ ഉണ്ടെന്നും അവ പൊളിച്ചുനീക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സ്ഥലം എംഎല്‍എ കൂടിയായ സഹകരണ-തുറുമുഖ മന്ത്രി വി.എന്‍. വാസവന് പ്രത്യേകം താത്പര്യമെടുത്താണ് അതിരമ്പുഴ ടൗണ്‍ വികസനത്തിന് എട്ടരകോടി രൂപ അനുവദിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടൻ പൂർത്തിയാകും. കെഎസ്ഇബിയുടെ ചില പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന നടപടിയും അവസാനഘട്ടത്തിലാണ്.