രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചതോടെ വാരണാസിയിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള ഒരു കൂട്ടം പലഹാര വ്യാപാരികൾ അയോധ്യയിലേക്ക് നീങ്ങിയിരിക്കുകയാണ്.
പ്രതിഷ്ഠാ ചടങ്ങിനായി 45 ടൺ ലഡു തയാറാക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ശുദ്ധമായ നെയ്യ് ഉപയോഗിച്ച് ഒരു ദിവസം ഏകദേശം 1200 കിലോ ലഡു ഇവർ ഉണ്ടാക്കുന്നുണ്ട്. ഈ ലഡു ചടങ്ങിൽ ശ്രീരാമന് പ്രസാദമായി നൽകും.
ഉത്തരേന്ത്യയിൽ വളരെ പ്രചാരമുള്ള മധുരപലഹാരമായ ലഡു ഉണ്ടാക്കുന്ന പ്രക്രിയ ജനുവരി 6 ന് ആരംഭിച്ചു, 22 വരെ ഇത് തുടരും.
ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയിൽ രാജ്യത്തെ നിരവധി പ്രമുഖരും പങ്കെടുക്കുന്നുണ്ട്.
പ്രതിഷ്ഠാ ചടങ്ങിന്റെ പ്രധാന ചടങ്ങുകൾ വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് നിർവഹിക്കും. ജനുവരി 14 മുതൽ 22 വരെ അയോധ്യയിൽ അമൃത് മഹോത്സവം ആഘോഷിക്കും.